വി മുരളീധരൻ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി
മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമായ വെള്ളാംവെള്ളി മുരളീധരൻ 2010 മുതൽ 2015 വരെ ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷൻ ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ആന്ധ്രയിലെ പാർട്ടി പ്രവർത്തനത്തിന്റെ മേൽനോട്ടം മുരളീധരനായിരുന്നു.
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിൽ വി മുരളീധരൻ കേരളത്തിന്റെ പ്രതിനിധി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ആയാണ് അദ്ദേഹം നിയമിതനാവുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമായ വെള്ളാംവെള്ളി മുരളീധരൻ 2010 മുതൽ 2015 വരെ ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷൻ ആയിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ആന്ധ്രയിലെ പാർട്ടി പ്രവർത്തനത്തിന്റെ മേൽനോട്ടം മുരളീധരന് ആയിരുന്നു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച അദ്ദേഹം പരിഷത്തിന്റെ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് മുരളീധരൻ നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്ടർ ജനറൽ പദവി വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തുന്നതിന് നേതൃത്വം നൽകി.
1980ൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ ഡൽഹിയിൽ എബിവിപി പ്രവർത്തകർ ഘെരാവോ ചെയ്തത് കേരള സർക്കാർ മുരളീധരനെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചതിനെ തുടർന്നാണ്. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ കീഴിൽ യൂത്ത് എംപ്ലോയ്‌മെന്റ് ജനറേഷൻ ടാസ്ക് ഫോഴ്‌സിന്റെ കൺവീനർ ആയിരുന്നു. ബിജെപിയുടെ പരിശീലന വിഭാഗത്തിന്റെ കൺവീനർ പദവിയും അദ്ദേഹം വഹിച്ചു.
തലശ്ശേരി വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും നമ്പള്ളി വെള്ളാംവെള്ളി ദേവകിയുടെയും മകനായി 1958ൽ ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഭാര്യ: ഡോ. കെ എസ് ജയശ്രീ.
