എറണാകുളത്ത് കത്തി നശിച്ച പാരഗണ്‍ കമ്പനിയുടെ ഗോഡൗണ്‍ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന

അഗ്നിശമന സേന വിഭാഗത്തിന്റെ നേതൃത്വത്തില്‍ തീപിടുത്ത മുണ്ടായ അഞ്ചു നില കെട്ടിടത്തില്‍ പരിശോധന നടത്തി.2006 നു ശേഷം കെട്ടിടത്തിനുള്ള അഗ്നിശമന വിഭാഗത്തിന്റെ അംഗീകാരം പുതുക്കിയിട്ടില്ല.താമസിക്കുന്നതിന് ലഭിച്ച അനുമതിയിലൂടെ വാണിജ്യാവശ്യത്തിനായിരുന്നു കെട്ടിടം പ്രവര്‍ത്തിച്ചുവന്നതെന്നതെന്നാണ് വ്യക്തമാകുന്നത്. അതേ സമയം വാണിജ്യാവശ്യത്തിന് വേണ്ടിയെന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് അനുമാനം. ഇത് സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യം

Update: 2019-02-21 12:59 GMT

കൊച്ചി: എറണാകുളം നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ച പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഗോഡൗണ്‍ കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രാഥമിക വിലയിരുത്തല്‍. അഗ്നിശമന സേന വിഭാഗത്തിന്റെ നേതൃത്വത്തില്‍ തീപിടുത്ത മുണ്ടായ അഞ്ചു നില കെട്ടിടത്തില്‍ പരിശോധന നടത്തി.2006 ന് ശേഷം കെട്ടിടത്തിനുള്ള അഗ്നിശമന സേന വിഭാഗത്തിന്റെ അംഗീകാരം പുതുക്കിയിട്ടില്ല.താമസിക്കുന്നതിന് ലഭിച്ച അനുമതിയിലൂടെ വാണിജ്യാവശ്യത്തിനായിരുന്നു കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വ്യക്തമാകുന്നത്. അതേ സമയം വാണിജ്യാവശ്യത്തിനായുള്ള വിധത്തില്‍ മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അനുമാനം. ഇത് സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് പരിശോധനയക്ക് ശേഷം റീജ്യണല്‍ ഫയര്‍ ഓഫീസര്‍ സി ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വൈദ്യുത ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് അനുമാനം. അത് ഇലക്ട്രിക്കല്‍ ഇന്‍സ്പകട്രേറ്റിന്റെ പരിശോധനയിലേ സ്ഥിരീകരിക്കാന്‍ സാധിക്കു. പ്രാഥമിക പരിശോധനകളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യാവശ്യത്തിലേക്ക് കെട്ടിടം മാറ്റംവരുത്തിയതാണെങ്കില്‍ അതനുസരിച്ചുള്ള ഒരു സജ്ജീകരണവും ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായാല്‍ ഉപയോഗിക്കേണ്ടിയിരുന്ന ജലസംഭരണികള്‍ രണ്ടും ശൂന്യമായിരുന്നു. തീ ഉണ്ടാകുന്ന സമയത്ത് നടത്തേണ്ട വിധത്തിലുള്ള സുരക്ഷ സംവിധാനങ്ങളൊന്നും ഇവിടെ സജ്ജമായിരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നത്. അവിടെ നിന്നാണ് തീപടരാനുള്ള സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ തീയുണ്ടായത് ഈ ഭാഗത്തു നിന്നായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. തീയണക്കാനെത്തിയ ഉദ്യോഗസ്ഥരും ഇത് സാക്ഷ്യപ്പെടുത്തുന്നു. ട്രാന്‍സ്‌ഫോര്‍മറും കെട്ടിടത്തിന്റെ ഒന്നാം നിലയും തമ്മില്‍ ഒരുമിച്ച് ചേര്‍ന്നായിരുന്നതിനാല്‍ തീ പെട്ടെന്ന് മുകളിലേക്ക് പടരാന്‍ കാരണമായി. ഡോറുകള്‍ക്ക് പകരം ഗ്രില്ലാണ് സ്ഥാപിച്ചിരുന്നത്്. ഇതും തിരിച്ചടിയായി.ലിഫ്റ്റിന്റെ ഭാഗം, മറ്റ് ഇടനാഴികള്‍, ഇലക്ട്രിക്കല്‍ പൈപ്പുകള്‍ കടന്നുപോകുന്ന ഭാഗം എന്നിവയിലേക്കെല്ലാം തീ വേഗം പടര്‍ന്നുപിടിച്ചു. പ്രധാന പടിക്കെട്ടിന്റെ ഭാഗത്ത് കൂടിയാണ് ഇലക്ട്രിക്കല്‍ പൈപ്പുകള്‍ കടന്നുപോകുന്നത്. ഇവ കത്തിയതിനാല്‍ തീയണക്കാന്‍് പടിക്കെട്ടുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ചവിട്ടുപടികളില്‍ നിറയെ ഉല്‍പന്നങ്ങള്‍ നിറച്ച പെട്ടികളും മറ്റും വെച്ചിരുന്നത് തടസ്സം സൃഷ്ടിച്ചു.വായുസഞ്ചാരത്തിനുള്ള വിടവുകളില്ലാതിരുന്നതോടെ പുക കെട്ടിനിന്നു. തീണയക്കാന്‍ പമ്പു ചെയ്ത വെള്ളം അകത്തേയക്ക് എത്തുന്നതിന് അലൂമിനിയം ഷീറ്റുകൊണ്ടുള്ള പാനലിങ് തടസമായെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം വീണ്ടും ഉപയോഗിക്കാന്‍ കഴിയുമോ എന്നുള്ളത് പൊതുമരാമത്ത് വിഭാഗത്തിന്റെ പരിശോധനയക്ക് ശേഷമേ വ്യക്തമാകുകയുള്ളു.തങ്ങളുടെ പരിശോധന റിപോര്‍ട് മൂന്ന് ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിശമനസേനയെക്കൂടാതെ ടൗണ്‍ പ്ലാനിംഗ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരും പരിശോധന നടത്തി.




Tags:    

Similar News