വിവാദ ഭൂമി ഇടപാട്: എറണാകുളം-അങ്കമാലി അതിരൂപതയക്ക് മൂന്നു കോടി പിഴ ;റിപോര്‍ടുമായി അപ്പസ്‌തോലിക് അഡ്മിനിട്രേറ്റര്‍ വത്തിക്കാനില്‍

ഭൂമിയുടെ ന്യായ വില കുറച്ചു കാണിച്ച് വില്‍പന നടത്തിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ആദ്യഘട്ടമായി 51 ലക്ഷം അതിരൂപത അടച്ചതായി വിവരം.ഭുമി കച്ചവടത്തിന്റെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

Update: 2019-04-02 02:12 GMT

കൊച്ചി:വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ ആദായനികുതി വകുപ്പ് പിഴ ചുമത്തി. ഇത് സംബന്ധിച്ചിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന് അതിരൂപത മൂന്ന് കോടി രൂപ പിഴയടയ്ക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഭൂമിയുടെ ന്യായ വില കുറച്ചു കാണിച്ച് വില്‍പന നടത്തിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.ആദ്യ ഘട്ടമായി കഴിഞ്ഞ ദിവസം അതിരൂപത 51ലക്ഷം രൂപ ആദായനികുതി വകുപ്പില്‍ അടച്ചതായാണ് വിവരം.പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരന്‍ സാജു വര്‍ഗീസിനും സ്ഥലം വാങ്ങിയ ഗ്രൂപ്പിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. സെന്ററിന് 16 ലക്ഷം രൂപ വീതം ഭൂമി കച്ചവടം നടത്തുന്നതിനായി തയാറാക്കിയ രേഖകളും ആദായ നികുതി വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.

സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു 2015ല്‍ എറണാകുളത്തെ അഞ്ചിടത്തുള്ള മൂന്ന് ഏക്കര്‍ ഭൂമി, സെന്റിന് 9,05,000 രൂപ എന്ന നിരക്കില്‍, 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടനിലക്കാരന്‍ ഭൂമി 13.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയത്രെ. സഭയ്ക്ക് കൈമാറിയത് 9 കോടി രൂപയും. 36 പ്ലോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഭൂമി ഇടപാട് വിവാദമായതോടെ ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) എന്നപേരില്‍ സംഘടന രൂപീകരിച്ച സഭയിലെ ഒരു വിഭാഗം വിശ്വാസികളും ഇവര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം വൈദികരും സഭാനേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.ഇതോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികൂട്ടിലാകുകയും ചെയ്തിരുന്നു.മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ പരസ്യമായി സമരം ആരംഭിച്ചതോടെ മാര്‍പാപ്പ ഇടപെട്ട് അതിരൂപതയുടെ ഭരണചുമതലയില്‍ നിന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നീക്കി പകരം മാര്‍ ജേക്കബ് മനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലമിടപാട് അന്വേഷിച്ച കമ്മിറ്റികളുടെ റിപോര്‍ട്ടുമായി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ്ബ് മനത്തോടത്ത് ചൊവ്വാഴ്ച പുലര്‍ച്ചെവത്തിക്കാനിലേക്ക് പോയി. റിപോര്‍ട്ട് നേരിട്ട് വത്തിക്കാന് സമര്‍പ്പിക്കണമെന്ന് അപസ്തൊലിക് അഡ്മിനിസ്ട്രേറ്ററെ നിയോഗിക്കുമ്പോള്‍ വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 

Tags: