ചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

Update: 2025-06-15 11:22 GMT

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ചക്രവാതചുഴിയുമാണ് സംസ്ഥാനത്തെ മഴയ്ക്ക് ശക്തി പകരുന്നത്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതും മഴയെ സ്വാധീനിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ചൊവ്വാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ 40 - 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

മഴയ്ക്കും ശക്തമായ കാറ്റിനും ഒപ്പം കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും ശക്തമായി തുടരുന്നു. കേരള തീരത്ത് തിങ്കളാഴ്ച രാത്രി വരെ 3.0 മുതല്‍ 4.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ ചോമ്പാല മുതല്‍ രാമനാട്ടുകര വരെയും കണ്ണൂര്‍ വളപട്ടണം - ന്യൂമാഹി, കാസറഗോഡ്: കുഞ്ചത്തൂര്‍ - കോട്ടക്കുന്ന് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി, എറണാകുളം: മുനമ്പം മുതല്‍ മറുവക്കാട്. തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍. മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി തീരങ്ങളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.