ബസുകളിലെ ഉച്ചത്തിലുള്ള പാട്ട് : എറണാകുളത്ത് ഏഴു വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

റോഡില്‍ റേസിങ്ങ് നടത്തുന്ന ഇരു ചക്ര വാഹനങ്ങള്‍ കണ്ടെത്താന്‍ 'ഓപ്പറേഷന്‍ റെയ്‌സ് ' എന്ന പേരില്‍ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

Update: 2022-06-22 13:58 GMT

കൊച്ചി:ബസുകളില്‍ ഉച്ചത്തില്‍ പാട്ടു വെക്കുന്നത് സംബന്ധിച്ച പരാതി വ്യാപകമായ സാഹചര്യത്തില്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ചെറായി, മുനമ്പം മേഖലയില്‍ സര്‍വീസ് നടത്തുന്ന ഏഴു ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. ഈ മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഉച്ചത്തില്‍ പാട്ടു വെക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.

റേസിങ്ങിനും പൂട്ട് വീഴും

റോഡില്‍ റേസിങ്ങ് നടത്തുന്ന ഇരു ചക്ര വാഹനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയും എറണാകുളം ജില്ലയില്‍ നടന്നു വരികയാണ്. ഓപ്പറേഷന്‍ റെയ്‌സ് എന്ന പേരില്‍ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് റേസിങ്ങ് പ്രവണത കൂടുതലായി കണ്ടു വരുന്നത്. റേസിങ്ങിനു പുറമെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കും പിഴ ചുമത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.