പ്രവാചകനിന്ദ: പൗരസമൂഹം നിശബ്ദത വെടിയണമെന്ന് അല്‍ ഹസനി അസോസിയേഷന്‍

നുപൂര്‍ ശര്‍മ്മയെയും നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിയത് ലോകരാജ്യങ്ങള്‍ക്കു മുന്നിലെ മുഖം മിനുക്കലിന്റെ ഭാഗം മാത്രമാണെന്ന് അല്‍ ഹസനി അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ബാസിത് അല്‍ ഹസനി,സെക്രട്ടറി: ശിഹാബുദ്ദീന്‍ അല്‍ ഹസനി

Update: 2022-06-21 09:04 GMT

കൊച്ചി: മുസ്‌ലിംകള്‍ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട പ്രവാചകനെ നിന്ദിച്ച കുറ്റവാളികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് അല്‍ ഹസനി അസോസിയേഷന്‍ ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ബിജെപി വക്താവും മാധ്യമ വിഭാഗം തലവനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അക്ഷന്തവ്യമായ പാതകം ലോക രാജ്യങ്ങളില്‍ വമ്പിച്ച പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയുണ്ടായി.എന്നാല്‍ രാജ്യത്ത് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച മുസ്‌ലിംകളെ വെടിവച്ച് കൊല്ലുകയും അവരുടെ വീടുകള്‍ ഇടിച്ചു നിരത്തുകയും ചെയ്തു കൊണ്ട് പ്രവാചകനിന്ദക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ഫാസിസ്റ്റ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

നുപൂര്‍ ശര്‍മ്മയെയും നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റി നിര്‍ത്തിയത് ലോകരാജ്യങ്ങള്‍ക്കു മുന്നിലെ മുഖം മിനുക്കലിന്റെ ഭാഗം മാത്രമാണ്.മുസ് ലിംകള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളും നീക്കങ്ങളും നടത്തുന്നവര്‍ക്ക് സംരക്ഷണവും വലിയ അംഗീകാരവും സ്ഥാനമാനങ്ങളും നല്‍കുക എന്നത് ഒരു പതിവായി സ്വീകരിച്ച പാര്‍ട്ടിയാണ് ബിജെപി.ഏതെങ്കിലും മുസ്‌ലിം സംഘടനയെയോ മുസ് ലിം വിഭാഗത്തെയോ മാത്രമല്ല ഹിന്ദുത്വ ശക്തികള്‍ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ളത്, മറിച്ച് ഇസ്‌ലാം തന്നെയാണ് അപകടകാരി എന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് അവര്‍. ആ നിലപാടിന്റെ അങ്ങേയറ്റത്തെ നീക്കമാണ് പ്രവാചക നിന്ദയിലൂടെ ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

ഭരണഘടനാ വിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിശബ്ദത വെടിഞ്ഞ് പ്രതികരിക്കാന്‍ എല്ലാ മത മേലധ്യക്ഷന്മാരും മുഴുവന്‍ പൗര സമൂഹവും രംഗത്തു വരേണ്ടതുണ്ടെന്നും അല്‍ ഹസനി അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ബാസിത് അല്‍ ഹസനി,സെക്രട്ടറി: ശിഹാബുദ്ദീന്‍ അല്‍ ഹസനി എന്നിവര്‍ ആവശ്യപ്പെട്ടു.ഈയിടെ ഹരിദ്വാറി ല്‍ നടന്ന ഹിന്ദു ധര്‍മ്മ സന്‍സദില്‍ ഹിന്ദു മതത്തിന്റെ വക്താക്കളായി സ്വയം പരിചയപ്പെടുത്തുന്ന ചിലര്‍ മുസ് ലിം ഉന്മൂലനത്തിനായി സൈന്യത്തോടും പോലിസിനോടും തയ്യാറെടുക്കാന്‍ വരെ ആഹ്വാനം ചെയ്യുകയുണ്ടായി.

അത്യന്തം അപകടകരമായ ഈ വിഷലിപ്ത കല്‍പ്പനക്കെതിരെ മത സംഘടനകളുടെയും ആചാര്യന്മാരുടെയും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായില്ല എന്നത് ഖേദകരമാണ്. നൂറ്റാണ്ടുകളിലൂടെ നാം നെയ്‌തെടുത്ത മഹത്തായ ഒരു ദേശത്തിന്റെയും മൂല്യങ്ങളുടെയും തകര്‍ച്ചക്ക് നാം കൂട്ടുനില്‍ക്കരുത്.കേരളത്തില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും ഭല്‍സിക്കുന്ന 'നവനാസ്തിക മോര്‍ച്ച'ക്കാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.