യുവാവിനെ തട്ടിക്കൊണ്ടുപോയി കോടികള്‍ വിലമതിക്കുന്ന സിനിമാ ലൈറ്റ് ഉപകരണങ്ങള്‍ തട്ടിയെടുത്ത സംഭവം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
വൈക്കം മറവന്‍തുരുത്ത് സ്വദേശി സജി (45), കുലശേഖരമംഗലം സ്വദേശി അനൂപ് (43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും കോടികള്‍ വിലമതിക്കുന്ന സിനിമാ ലൈറ്റ് ഉപകരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വൈക്കം മറവന്‍തുരുത്ത് സ്വദേശി സജി (45), കുലശേഖരമംഗലം സ്വദേശി അനൂപ് (43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇവരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം 7 ന് ആയിരുന്നു സംഭവം. കോഴിക്കോട് നിന്നും ഇപ്പോള്‍ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയി വൈക്കത്തുള്ള ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചത്.
പിറ്റെ ദിവസം യുവാവ് വാടകയ്ക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അവിടെ സൂക്ഷിച്ചിരുന്ന സിനിമയ്ക്ക് വാടകയ്ക്ക് നല്‍കുന്ന ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങള്‍ കാറില്‍ കയറ്റി കൊണ്ട് പോകുകയും ഭാര്യയെയും, മകളെയും അമ്മയെയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പോലിസ് പറഞ്ഞു. ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്എച്ച് ഒ എം കെ സജീവ്, എസ് ഐ കെ കെ രാജേഷ്, എഎസ്‌ഐ പി സി ജയകുമാര്‍,സിപിഒ ബിബില്‍ മോഹന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.