വേനല്‍ ചൂടിന് നാടന്‍ പ്രതിരോധം; പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാന്‍ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം

പാതയോരങ്ങളില്‍ ഫെബ്രുവരി മുതല്‍ പൊട്ടുവെള്ളരി വില്‍പന പൊടി പൊടിക്കാറുണ്ട്. എന്നാല്‍ പലരും ഈ നാടന്‍ വിഭവത്തിന്റെ ഗുണമേന്മ തിരിച്ചറിയാത്തവരാണ്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, മാഞ്ഞാലി കടുങ്ങല്ലൂര്‍, ആലങ്ങാട്, കരുമാല്ലൂര്‍ പാടങ്ങളില്‍ നെല്‍കൃഷിയ്ക്കു ശേഷം 600 ഏക്കറോളം സ്ഥലത്ത് കൃഷി പൊട്ടു വെള്ളരി കൃഷി ചെയ്യുന്നുണ്ട്

Update: 2022-02-20 09:25 GMT

കൊച്ചി: വേനല്‍ കടുത്തതോടെ പഴങ്ങള്‍ക്ക് ആവശ്യക്കാരേറുകയാണ്. എന്നാല്‍ വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിന് പുറത്ത് നിന്നാണെന്നതാണ് വാസ്തവം. വേനല്‍ ചൂടിനെ തടയാന്‍ ഏറ്റവും മികച്ച നാടന്‍ വിഭവമായ പൊട്ടുവെളളരി നാട്ടില്‍ തന്നെയുണ്ടെന്ന കാര്യം അറിയാതെയാണ് പലരും മറുനാടന്‍ പഴങ്ങള്‍ക്ക് പുറകെ പായുന്നത്. ഏറെ ഗുണമേന്‍മയുള്ളതും നാട്ടിന്‍പുറങ്ങളില്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നതുമായ പൊട്ടുവെള്ളരിയെയും അവയുടെ ജ്യൂസിനെയും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ)

ജില്ലയിലെ പാതയോരങ്ങളില്‍ ഫെബ്രുവരി മുതല്‍ പൊട്ടുവെള്ളരി വില്‍പന പൊടി പൊടിക്കാറുണ്ട്. എന്നാല്‍ പലരും ഈ നാടന്‍ വിഭവത്തിന്റെ ഗുണമേന്മ തിരിച്ചറിയാത്തവരാണ്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, മാഞ്ഞാലി കടുങ്ങല്ലൂര്‍, ആലങ്ങാട്, കരുമാല്ലൂര്‍ പാടങ്ങളില്‍ നെല്‍കൃഷിയ്ക്കു ശേഷം 600 ഏക്കറോളം സ്ഥലത്ത് കൃഷി പൊട്ടു വെള്ളരി കൃഷി ചെയ്യുന്നുണ്ട്.


ജില്ലയില്‍ തന്നെ കൃഷി ചെയ്യുന്നതുകൊണ്ടും പൂര്‍ണമായും ജൈവ വിളയാണെന്നതിനാലും വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ പൊട്ടുവെള്ളരിയോളം വരില്ല മറ്റൊന്നും. ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിന്‍ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരിയെന്നും കെവികെ അധികൃതര്‍ വ്യക്തമാക്കുന്നു.

ഈ നാടന്‍ വിഭവത്തിന്റെ ഗുണമേന്‍മയെ കുറിച്ച് ബോധവല്‍കരണം നടത്താനും പൊട്ടുവെള്ളരിക്ക് പ്രചാരം നല്‍കാനും സിഎംഎഫ്ആര്‍ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെവികെ മുന്നിട്ടിറങ്ങും. ഇതിന്റെ ഭാഗമായി, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഇത്തവണ കെവികെ നടത്തിയ പൊട്ടുവെള്ളരിയുടെ പ്രദര്‍ശന കൃഷിയുടെ വിളവെടുപ്പ് ഈ മാസം 24ന് ജനകീയ പങ്കാളിത്തത്തോടെ നടത്തും.

ആലങ്ങാട് കല്ലുപാലം നല്ലേലിപ്പടിയിലെ കര്‍ഷകന്‍ വര്‍ഗീസിന്റെ തോട്ടത്തില്‍ വച്ച് നടക്കുന്ന വിളവെടുപ്പുല്‍സവത്തില്‍ വിവിധ തരം പൊട്ടുവെള്ളരി ജ്യൂസുകള്‍ പരിചയപ്പെടുത്തും. ഒപ്പം ഇവയുടെ ജ്യൂസുകള്‍ തയ്യാറാക്കാന്‍ വിദഗ്ദര്‍ നയിക്കുന്ന ക്‌ളാസ്സുകളുമുണ്ടാകും. പൊട്ടുവെള്ളരി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് കെവികെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746469404.

പ്രദര്‍ശന കൃഷി കാണാനും പൊട്ടുവെള്ളരി നേരിട്ട് വിളവെടുത്തുപയോഗിക്കാനും താല്‍പര്യമുള്ളവര്‍ക്ക് കെവികെയുടെ കര്‍ഷകരായ ആലങ്ങാട് സ്വദേശികളായ വര്‍ഗീസ് (9961817827), മോഹനന്‍ (9072005651) ഗോപി ഏലൂര്‍ (7736543952) എന്നിവരെ ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Similar News