മട്ടന്നൂരിനടുത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Update: 2021-05-24 17:31 GMT

കണ്ണൂര്‍: ചാലോടുനിന്ന് ഇരിക്കൂറിലേക്കുള്ള യാത്രാമധ്യേ ചിത്രാരി ജങ്ഷനില്‍ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. നിടുവള്ളൂര്‍ പള്ളിക്ക് സമീപം വളപ്പിനകത്ത് ഹൗസില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സി എച്ച് അബ്ദുല്‍ നിസാര്‍ (44) ആണ് മരിച്ചത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഓട്ടോ നിസാറിന്റെ ദേഹത്ത് വീണ നിലയിലാണ് കണ്ടത്.

ഉടന്‍ ഹെല്‍പ്പ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂര്‍ പോലിസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മട്ടന്നൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തും. ഭാര്യ: ആയിഷ. മക്കള്‍: സംജിദ്, അജ്‌നാസ്, ഇജാസ്, ജസ്‌ന, ഫാത്തിമ. മാതാവ്: പരേതയായ സി എച്ച് ആമിന.