വ്യാജ ഇ- മെയില്‍ ഐഡി ഉപയോഗിച്ച് പണം തട്ടല്‍; മുല്ലപ്പള്ളിയുടെ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: വ്യാജ ഇ- മെയില്‍ ഐഡി ഉപയോഗിച്ച് പണം തട്ടുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈടെക്ക് സെല്‍ അന്വേഷണം നടത്താനാണ് ഉത്തരവ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി സഹായിക്കണമെന്ന മുല്ലപ്പള്ളിയുടെ പേരിലുള്ള വ്യാജ അഭ്യര്‍ഥന കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് അടക്കം ലഭിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. ചില സഹായങ്ങള്‍ ആവശ്യമുണ്ടെന്ന് എഴുതിയ മെയിലാണ് തട്ടിപ്പുകാര്‍ കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ആദ്യം അയക്കുന്നത്.
മറുപടി കിട്ടിയാല്‍ 1,000 രൂപയുടെ ഏഴ് ആമസോണ്‍ ഓണ്‍ലൈന്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും മെയില്‍ അയക്കും. അതിനുള്ള വെബ്‌സൈറ്റ് ലിങ്കും നല്‍കും. തന്റെ പേരില്‍ വ്യാപകമായി പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകരാണ് ഇക്കാര്യം മുല്ലപ്പള്ളിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്റെ പേരില്‍ വ്യാജ ഇ- മെയില്‍ ഐഡി ഉണ്ടാക്കി ഇത്തരം തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും പോലിസ് മേധാവിക്കും നല്‍കിയ പരാതിയില്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വ്യാജസന്ദേശത്തില്‍ ആരും വീഴരുതെന്നും മുല്ലപ്പള്ളി അഭ്യര്‍ഥിച്ചു.
