കൊല്ലം: അഞ്ചലില്‍ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലുസെന്റ് കോളനിയില്‍ കമ്പകത്ത് മൂട്ടില്‍ വീട്ടില്‍ കുട്ടപ്പനാണ് (49) കൊല്ലപ്പെട്ടത്. സുഹൃത്തായ ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബുവിനെ (35) അഞ്ചല്‍ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 8 ഓടെയായിരുന്നു സംഭവം. അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാനെത്തിയ മകന്റെ മുന്നിലിട്ടാണ് കുട്ടപ്പനെ സുഹൃത്ത് കൊലപ്പെടുത്തിയത്. സുഹൃത്തായ ലൈബുവിന്റെ വീട്ടില്‍ മദ്യപിക്കാനെത്തിയതായിരുന്നു കുട്ടപ്പന്‍.
മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയയിരുന്നു. വീട്ടിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ചാണ് ലൈബു കുട്ടപ്പനെ വെട്ടിയത്. സംഭവസ്ഥലത്തുതന്നെ കുട്ടപ്പന്‍ മരിച്ചു. സംഭവം കണ്ടുനിന്ന കുട്ടപ്പന്റെ മകന്‍ വിഷ്ണു വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലിസും നാട്ടുകാരുമെത്തിയത്. ഉടന്‍ സ്ഥലത്തെത്തിയ പോലിസ് ലൈബുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലിസ് അറിയിച്ചു.