രണ്ട് വോട്ടുകിട്ടാന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് ചെന്നിത്തല
കണ്ണൂര്‍: യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പാണക്കാട് കുടുംബത്തെക്കുറിച്ചുള്ള എ വിജയരാഘവന്റെ പ്രസ്താവന സിപിഎമ്മിന് തിരിച്ചടിയായിക്കഴിഞ്ഞെന്ന് ചെന്നിത്തല ആരോപിച്ചു. ഐശ്വര്യ കേരളയാത്ര കണ്ണൂരിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയരാഘവന്‍ നടത്തിയത് ഒറ്റ തിരിഞ്ഞുള്ള പ്രസ്താവനയല്ല. വര്‍ഗീയചേരിതിരിവിനുള്ള ശ്രമം സിപിഎം നടത്തുകയാണ്. ലീഗ് വിരുദ്ധ പരാമര്‍ശം സിപിഎമ്മിന് തിരിച്ചടിയായി. രണ്ടുവോട്ട് കിട്ടാന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്.
ഏത് നിലവാര തകര്‍ച്ചയും സിപിഎമ്മിനുണ്ടാവുമെന്നതിന് തെളിവാണിത്. തിരഞ്ഞെടുപ്പിനായി മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ് സിപിഎം. രാഷ്ട്രീയവും ഭരണനേട്ടവും പറഞ്ഞ് വോട്ട് നേടാനാവില്ലെന്ന് അവര്‍ക്കറിയാം. തിരഞ്ഞെടുപ്പ് വരും പോവും, കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്. തിരഞ്ഞെടുപ്പില്‍ ഇത് സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് സംശയമില്ല. മുസ്‌ലിംകള്‍ മുഴുവന്‍ മതമൗലിക വാദികളാണെന്ന് പറയുന്നത് ഏത് പാര്‍ട്ടിക്കാണ് ഗുണം ചെയ്യുകയെന്നും ചെന്നിത്തല ചോദിക്കുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ പ്രചാരണവിഷയം തന്നെയാണെന്ന് സ്വകാര്യചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല വിഷയം പ്രധാന അജണ്ട തന്നെയാണല്ലോ കേരളത്തില്‍. ശബരിമല വിധി തന്നെ സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നല്ലേ ഉണ്ടായത്. സത്യവാങ്മൂലം മാറ്റി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയില്‍ തെറ്റാണ് ചെയ്തത് എന്നത് പറഞ്ഞാല്‍ പോര സത്യവാങ്മൂലം തിരുത്താന്‍ കഴിയുമോയെന്നാണ് വ്യക്തമാക്കേണ്ടത്.
സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. ബിജെപിക്ക് ഇക്കാര്യത്തില്‍ കപട മുഖമാണുള്ളത്. ശബരിമല വിഷയത്തില്‍ ഞാനടക്കമുള്ള ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കട്ടെ. ഐശ്വര്യ കേരള യാത്ര മൂന്നാം ദിനമായ ഇന്ന് ധര്‍മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ഇന്നത്തെ പൊതുയോഗങ്ങള്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രമുഖരുമായി രമേശ് ചെന്നിത്തല ഇന്ന് രാവിലെ ചര്‍ച്ച നടത്തും. കണ്ണൂര്‍ ജില്ലയിലെ യാത്ര ഇന്ന് പൂര്‍ത്തിയാവും. ചൊവ്വാഴ്ച വയനാട് ജില്ലയിലാണ് പര്യടനം.

