വഴി തടസ്സപ്പെടുത്തിയ ബൈക്ക് യാത്രികന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

Update: 2020-12-22 14:32 GMT

പെരിന്തല്‍മണ്ണ: കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് കിലോമീറ്ററുകളോളം വഴി തടസ്സപ്പെടുത്തിയ ബൈക്ക് യാത്രികന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. ശനിയാഴ്ച തൃത്താലയില്‍നിന്നും നിലമ്പൂരിലേക്ക് യാത്രചെയ്തിരുന്ന തൃത്താല സ്വദേശി ബഷീര്‍ അഹമ്മദും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന KL 52 M 5292 സ്വകാര്യ ബൊലേറോ വാഹനത്തിന് മുന്നില്‍ പെരിന്തല്‍മണ്ണ പൂപ്പലത്ത് വച്ച് KL 53 G 1210 എന്ന മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്തിരുന്നയാളാണ് രണ്ട് കിലോമീറ്റര്‍ ദൂരത്തോളം വാഹനത്തിന് വഴി നല്‍കാതെ യാത്ര തടസ്സപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പരാതിക്കാര്‍ പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒയ്ക്ക് കൈമാറുകയായിരുന്നു.

മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീക്ക്, പെരിന്തല്‍മണ്ണ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ ഇരവിമംഗലം സ്വദേശി ഫായിസ് ഉമ്മര്‍ എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ജോയിന്റ് ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ഡ്രൈവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസം സസ്‌പെന്റ് ചെയ്യുകയും അപകടകരമാംവിധം വാഹനമോടിച്ചതിന് 2,000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു.