പെട്ടിമുടി ദുരന്തം: മൂന്നാംദിവസത്തെ തിരച്ചില്‍ തുടങ്ങി; സഹായത്തിന് പോലിസ് ഡോഗ് സ്‌ക്വാഡും
തൃശൂരില്‍നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലെത്തിച്ചിട്ടുണ്ട്.
ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള മൂന്നാംദിവസത്തെ തിരച്ചില്‍ തുടങ്ങി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ തിരച്ചിലില്‍ 26 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 40 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 19 പേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. പോലിസ് ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാവും ഇന്ന് പ്രധാനമായും പരിശോധന നടത്തുക. തൃശൂരില്‍നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലെത്തിച്ചിട്ടുണ്ട്.
മണ്ണിനടിയില്‍നിന്ന് മൃതദേഹങ്ങള്‍ മണം പിടിച്ച് കണ്ടെത്താന്‍ കഴിവുള്ള നായ്ക്കളാണിവ. കഴിഞ്ഞ പ്രളയത്തിലാണ് നായ്ക്കളെ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് തിരച്ചില്‍ നടത്തുകയെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസ്വാമി അറിയിച്ചു. രക്ഷാദൗത്യത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള അഗ്‌നിശമനസേനയുടെ അമ്പതംഗ സംഘവും ഇന്ന് പങ്കുചേരും. മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയ പ്രദേശം സന്ദര്‍ശിക്കുന്നതിനായി ധാരാളം ആളുകള്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
അതിനാല്‍, പ്രദേശത്തിന്റെ റോഡിന്റെ അപകടാവസ്ഥയും വീണ്ടും ഉരുള്‍പൊട്ടുന്നതിനുള്ള സാധ്യതയും കണക്കിലെടുത്ത് ദുരിതബാധിത പ്രദേശത്തിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. ശനിയാഴ്ച പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങളാണ് പെട്ടിമുടിയിലെ ദുരന്തസ്ഥലത്തുനിന്നും കണ്ടെത്തിയത്. ഇതില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ നേമക്കാട് തന്നെ സംസ്‌കരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീം പ്രദേശത്ത് ക്യാംപ് ചെയ്താണ് തിരച്ചില്‍ നടത്തുന്നത്.
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഉച്ചയ്ക്ക് 12 നും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ 9 മണിക്കും, വനംമന്ത്രി കെ രാജു എന്നിവര്‍ ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവരില്‍ 12 പേര്‍ രക്ഷപ്പെട്ടു.

