അബോധാവസ്ഥയില്‍ കഴിയുന്നവരുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ സംരക്ഷകനെ നിയമിക്കാമെന്ന് ഹൈക്കോടതി

അബോധാവസ്ഥയില്‍ കഴിയുന്നവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടും കൈകാര്യംചെയ്യാന്‍ സംരക്ഷകനെ നിയമിക്കാമെന്ന് ഹൈക്കോടതി

Update: 2019-02-21 03:14 GMT

കൊച്ചി : രോഗമോ അപകടത്തില്‍ പരിക്കോ സംഭവിച്ച് അബോധാവസ്ഥയില്‍ കഴിയുന്നവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടും കൈകാര്യംചെയ്യാന്‍ സംരക്ഷകനെ നിയമിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. അബോധാവസ്ഥയിലായിരുന്ന എറണാകുളം മരട് സ്വദേശി ഗോപാലകൃഷ്ണന്റെ ഭാര്യ ശോഭാ , മകന്‍ നവനീത് , അബോധാവസ്ഥയിലുള്ള ഇരുമ്പനം സ്വദേശി വര്‍ക്കിയുടെ ഭാര്യ ഷെര്‍ളി, മക്കളായ വര്‍ഷ , തുഷാര എന്നിവര്‍ നല്‍കിയ ഹരജികളിലിാണ്് ഉത്തരവ്.രോഗിയുടെ ഭാര്യയോ മക്കളോ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസറോ ആകണം സംരക്ഷകനെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംരക്ഷനായി നിയമിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ അബോധാവസ്ഥയിലുള്ളയാളുടെ സ്വത്തുവിവരം നല്‍കണം.പാര്‍ലമെന്റ് നിയമം നിര്‍മിക്കുന്നതുവരെ നടപ്പാക്കാനുള്ള 14 മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അബോധാവസ്ഥയിലാണെന്ന് ന്യൂറോളജിസ്റ്റ് ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് നല്‍കണം, തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ രോഗിയെ സന്ദര്‍ശിച്ച് സമഗ്ര റിപോര്‍ട്ട് നല്‍കണം. നിയമപരമായ അനന്തരാവകാശികള്‍ക്കും സംരക്ഷകനാകാം. അബോധാവസ്ഥയിലുള്ളയാളുടെ വസ്തുവകകള്‍, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്കുമാത്രമായിരിക്കും ചുമതല. ഓരോ ആറുമാസത്തിലും സംരക്ഷകനായി നിയോഗിക്കപ്പെടുന്നയാള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് റിപോര്‍ട്ട് നല്‍കണം. വസ്തു- ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട ഓരോ ഇടപാടും റിപോര്‍ട്ടിലുണ്ടാകണം. നിയമനത്തെക്കുറിച്ച് സംരക്ഷകന്‍ പ്രദേശത്തെ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസറെ അറിയിക്കണം.ഓഫീസര്‍ ഇടയ്ക്കിടെ രോഗിയെ സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കണം. അധികാരദുര്‍വിനിയോഗമുണ്ടായാല്‍ രോഗിയുടെ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.ഉത്തരവിന്റെ പകര്‍പ്പ് വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് കൈമാറണം. അഡ്വ. വി രാംകുമാര്‍ നമ്പ്യാര്‍, ഡോ. സ്മിതാ നിസാര്‍ എന്നിവരെ കേസിലെ അമിക്കസ് ക്യൂറിമാരായി നിയമിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ എന്‍ മനോജ്കുമാര്‍ ഹാജരായി. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സംരക്ഷകനെ നിയമിക്കാമെന്ന് വിവിധ നിയമങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും അബോധാവസ്ഥയിലുള്ളവര്‍ക്ക് ബാധകമല്ലാത്തതിനാലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. 

Similar News