സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ധനസഹായം: പോപുലര്‍ ഫ്രണ്ടിനെതിരായ ട്വീറ്റ് പിന്‍വലിച്ച് സീ ന്യൂസ് എഡിറ്റര്‍

സാമ്പത്തിക ദുരുപയോഗം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളുടെ വസ്തുതകള്‍ വ്യക്തമാക്കി പോപുലര്‍ ഫ്രണ്ട് വിശദമായ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ട്വീറ്റ് പിന്‍വലിച്ച് സുധീര്‍ ചൗധരി തടിയൂരിയത്.

Update: 2020-01-31 16:39 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക സഹായം നല്‍കിയെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി സീ ന്യൂസ് എഡിറ്ററും സംഘപരിവാര്‍ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന സുധീര്‍ ചൗധരി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പിന്‍വലിച്ചു. പോപുലര്‍ ഫ്രണ്ടിന്റെ ബാങ്ക് ട്രാന്‍സ്ഫറുകളും സിഎഎ വിരുദ്ധപ്രക്ഷോഭങ്ങളും അവയുടെ സമയവും സ്ഥലവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. പോപുലര്‍ ഫ്രണ്ടില്‍നിന്ന് ഫണ്ട് ലഭിക്കുന്ന ലിബറല്‍ നേതാക്കളുടെ പേരുകളും ചുവടെ വായിക്കുകയെന്ന കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരുന്നത്.

ബാങ്ക് ഇടപാടുകളുടെ വിശകലനമെന്ന തരത്തില്‍ ഇതിന് അനുബന്ധമായി കഴിഞ്ഞ ദിവസങ്ങളായി സംഘപരിവാര്‍ അനുകൂല ചാനലുകള്‍ പുറത്തുവിട്ട കണക്കുകളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക ദുരുപയോഗം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളുടെ വസ്തുതകള്‍ വ്യക്തമാക്കി പോപുലര്‍ ഫ്രണ്ട് വിശദമായ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ട്വീറ്റ് പിന്‍വലിച്ച് സുധീര്‍ ചൗധരി തടിയൂരിയത്. പോപുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ വ്യക്തികളുടെയും സംഘടനകളുടെയും പേരില്‍ രാജ്യത്ത് 73 ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ 27 ഉം റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പേരില്‍ 9 ഉം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിന് പുറമേ, 17 വ്യത്യസ്ത വ്യക്തികളുടെയും സംഘടനകളുടെയും പേരിലായി 37 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നായിരുന്നു ആരോപണം.

73 അക്കൗണ്ടുകളിലായി 120.5 കോടി രൂപ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും നാമമാത്രമായ തുക മാത്രം അവശേഷിപ്പിച്ച് ബാക്കി തുക രണ്ടോ മൂന്നോ ദിവസങ്ങളിലായി പിന്‍വലിച്ചെന്നും പറയുന്നു. കപില്‍ സിബലിന് 77 ലക്ഷം, ഇന്ദിരാ ജയ്‌സിങ്ങിന് 4 ലക്ഷം, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷം, എന്‍ഐഎ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുല്‍ സമദിന് 3.1 ലക്ഷവും ന്യൂ ജ്യോതി ഗ്രൂപ്പിന് 1.17 കോടിയും കശ്മീര്‍ പിഎഫ്‌ഐയ്ക്ക് 1.65 കോടിയും നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍, ഈ ഇടപാടുകളുടെ വസ്തുതകളെല്ലാം പോപുലര്‍ ഫ്രണ്ട് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധീര്‍ ചൗധരി പോപുലര്‍ ഫ്രണ്ടിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച വിവാദ ട്വീറ്റ് നീക്കംചെയ്തത്.  

Tags:    

Similar News