കർഷകർ രാജ്യത്തിന്റെ ജീവരക്തം; ജന്മദിനാഘോഷം ഒഴിവാക്കി യുവരാജ് സിങ്

ജന്മദിന ആഘോഷങ്ങളേക്കാൾ ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധങ്ങൾക്ക് പരിഹാരം കാണട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു

Update: 2020-12-12 18:03 GMT

പഞ്ചാബ്: കർഷക പ്രക്ഷോഭങ്ങൾക്കൊപ്പം ചേർന്നുനിൽക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം തന്റെ ജന്മദിനാഘോഷം പൂർണമായി ഒഴിവാക്കി. യുവരാജ് സിങ്ങിന്റെ 39-ാം ജന്മദിനമാണിന്ന്.

കർഷക പ്രതിഷേധങ്ങൾക്ക് വേഗം പരിഹാരം കാണട്ടെ എന്ന് യുവരാജ് പറഞ്ഞു. "ആഗ്രഹങ്ങൾ സാധ്യമാക്കാനും ആഘോഷങ്ങൾക്കും ഉള്ള അവസരമാണ് ജന്മദിനം. എന്നാൽ, ജന്മദിന ആഘോഷങ്ങളേക്കാൾ ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധങ്ങൾക്ക് പരിഹാരം കാണട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ചകൾ ഫലം കാണട്ടെ," ജന്മദിനത്തിൽ യുവി പറഞ്ഞു.

സമാധാനപൂർണമായ ചർച്ചകളിലൂടെ പരിഹാരം കാണാത്ത ഒരു പ്രശ്‌നവുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സംശയമില്ലാതെ ഞാൻ പറയുന്നു, കർഷകർ രാജ്യത്തിന്റെ ജീവരക്തമാണ്. കേൊവിഡിനെതിരായ ജാഗ്രത കെെവെടിയെരുത്. മഹാമാരി പൂർണമായി നമുക്കിടയിൽ നിന്നു പോയിട്ടില്ല. വെെറസിനെതിരെ പ്രതിരോധം തുടരണമെന്ന് എല്ലാവരെയും ഓർമിപ്പിക്കുകയാണെന്നും യുവി പറഞ്ഞു.

അതേസമയം, രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ഡിസംബർ 14 മുതൽ കർഷക യൂനിയൻ നേതാക്കൾ ഉപവാസ സമരത്തിന്. തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക യൂനിയൻ നേതാക്കൾ അറിയിച്ചു. ചർച്ചകൾക്ക് തങ്ങൾ തയാറാണെന്നും എന്നാൽ, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷക യൂനിയൻ നേതാക്കൾ വ്യക്തമാക്കി.