ഉത്തര്‍പ്രദേശില്‍ യുവാവിനെ കൊന്ന് മൃതദേഹം കോണ്‍ക്രീറ്റ് ചെയ്തു: ഭാര്യയും സുഹൃത്തും പിടിയില്‍
ലക്‌നൗ : ഉത്തര്‍പ്രദേശില്‍ യുവാവിനെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. മൃതദേഹം പതിനഞ്ചോളം കഷ്ണങ്ങളാക്കിയ ശേഷം വെള്ളം എത്തിക്കുന്ന വീപ്പയില്‍ സിമന്റിട്ട് കോണ്‍ക്രീറ്റ് ചെയ്തു. ബ്രഹ്‌മപുരി ഇന്ദ്രനഗര്‍ സ്വദേശിയായ സൗരഭ് രജ്പുതാണ് (29) കൊല്ലപ്പെട്ടത്. സൗരഭിന്റെ ഭാര്യ മുസ്‌കാന്‍ (27), സുഹൃത്ത് സാഹില്‍ (25) എന്നിവരാണ് പിടിയിലായത്.
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. മാര്‍ച്ച് നാലിനാണ് കൊല നടന്നത്. മുസ്‌കാനും സാഹിലും ഉറക്കഗുളിക ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി സൗരഭിനെ മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചു. വലിയ വീപ്പയില്‍ മൃതദേഹ ഭാഗങ്ങള്‍ സിമന്റിട്ട് മൂടി. തുടര്‍ന്ന് വീപ്പ സൗരഭിന്റെ വാടക ഫ്‌ലാറ്റില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു.
വീട്ടില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. 2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും ഇന്ദ്രാനഗറിലെ വാടക ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. കൊലപാതകവിവരം പുറത്തറിയാതിരിക്കാനായി മുസ്‌കാന്‍ സൗരഭിന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ സൗരഭിനെ ഫോണ്‍ ചെയ്തിട്ട് എടുക്കാഞ്ഞതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ സംശയം തോന്നി പരാതി നല്‍കിയത്.
