പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ തലങ്ങും വിലങ്ങും കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്
പാറശാല: പ്രണയ അഭ്യര്‍ഥന നിരസിച്ചതിന് ഫിറ്റ്‌നസ് സെന്ററിലെ പരിശീലകയ്ക്ക് കുത്തേറ്റു. ചെങ്കല്‍ മരിയാപുരം സ്മിതാലയം വീട്ടില്‍ കാവ്യ.എസ്. കൃഷ്ണനാണ്(24) കുത്തേറ്റത്. പ്രണയ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് ഫിറ്റ്‌നസ് സെന്ററിന് മുന്നില്‍ വച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
തലയിലും നെഞ്ചിലും മുഖത്തും ആഴത്തില്‍ മുറിവേറ്റ യുവതിയെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിറ്റ്‌നസ് സെന്ററിലുള്ളവര്‍ പോയശേഷം ഭക്ഷണം കഴിയ്ക്കാനായി പുറത്തേക്ക് വന്ന കാവ്യയെ അശ്വന്ത് കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. കണ്ടുനിന്ന ആരും ഇയാളെ തടയാന്‍ ശ്രമിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥലത്ത് ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ നിലത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കാവ്യയെ കണ്ടത്. അരികില്‍ അവശനിലയില്‍ അശ്വന്തിനെയും കണ്ടു.
താന്‍ എലി വിഷം കഴിച്ചെന്ന് അശ്വന്ത് പറഞ്ഞു. തുടര്‍ന്ന് കാവ്യയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് വാഹനത്തില്‍ അശ്വന്തിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയത് അശ്വന്താണെന്നും പ്രണയം നിരസിച്ചതിലുള്ള പകയാണെന്നും യുവതി പോലിസിനോട് പറഞ്ഞു. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കാരോട് പഞ്ചായത്തിലെ പ്ലാമൂട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായുള്ള ഫിറ്റ്‌നസ് സെന്ററിന് മുന്നില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
