റോഡരികില്‍ നിര്‍ത്തിയ കാറിന്റെ വാതില്‍ തുറന്നു; ബൈക്ക് മറിഞ്ഞ് ജമ്മു കശ്മീര്‍ യുവ ക്രിക്കറ്റ് താരം മരിച്ചു
ശ്രീനഗര്‍: അപ്രതീക്ഷിതമായി റോഡിലേക്ക് തുറന്ന, വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ജമ്മു കശ്മീരില്‍നിന്നുള്ള ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. ഓഗസ്റ്റ് 20നാണ് അപകടമുണ്ടായത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നുള്ള യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഫരീദ് ഹുസൈനാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ ഡ്രൈവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറും അതിനു സമീപത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ കാറിനു സമീപത്തുകൂടി ഒരു ഇരുചക്ര വാഹനത്തില്‍ ഫരീദ് ഹുസൈന്‍ വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഫരീദിന്റെ വാഹനം കാറിനു സമീപമെത്തിയ ഉടന്‍ അപ്രതീക്ഷിതമായി കാറിന്റെ ഡോര്‍ തുറക്കുകയായിരുന്നു. ഇതോടെ ബൈക്ക് ഡോറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
റോഡിലൂടെ കടന്നുപോയ മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ ഉടന്‍തന്നെ ഫരീദിന് അടുത്തെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായ പരുക്കേറ്റ ഫരീദിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ശനിയാഴ്ച താരത്തിന്റെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂഞ്ചിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സജീവമായിരുന്ന ഫരീദ് ഹുസൈന്‍, വളര്‍ന്നുവരുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനായിരുന്നു.
