യുപിയില്‍ യോഗി സര്‍ക്കാര്‍ പണിമുടക്ക് നിരോധിച്ചു; നിരോധനം ലംഘിച്ചാല്‍ വാറണ്ടില്ലാതെ അറസ്റ്റ്, ഒരുവര്‍ഷം വരെ തടവ്

Update: 2024-02-17 07:36 GMT
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ആറു മാസത്തേക്ക് യുപിയില്‍ സമരം നിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ അവശ്യ സേവന പരിപാലന നിയമം (എസ്മ) ഉപയോഗിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പണിമുടക്ക് സമരം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും എസ്മ നിയമം ചുമത്തി യുപി സര്‍ക്കാര്‍ പണിമുടക്ക് നിരോധിച്ചിരുന്നു. അതിനു പിന്നാലെ വൈദ്യുതി വകുപ്പിലെ ചില ജീവനക്കാര്‍ സമരത്തിനിറങ്ങിയിരുന്നു. 1968ലാണ് പാര്‍ലമെന്റില്‍ എസ്മ പാസാക്കിയത്. ഈ നിയമം ഉപയോഗിച്ച് ഏത് സംസ്ഥാന സര്‍ക്കാരിനും തങ്ങളുടെ അധികാര പരിധിയിലെ സമരം നിരോധിക്കാം. ഒരു മാസം മുതല്‍ ആറു മാസം വരെ ഈ നിയമം ബാധകമായിരിക്കും.

രാജ്യത്ത് വൈദ്യുതി വിതരണം, ഗതാഗതം, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളുടെ പരിപാലനം ഉറപ്പാക്കുക എന്നതായിരുന്നു ഈ നിയമം കൊണ്ടുവരുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ അറസ്റ്റും പ്രോസിക്യൂഷനും ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നുണ്ട്.


Tags: