വിദ്വേഷ പരാമര്‍ശവുമായി യതി നരസിംഹാനന്ദ്; ജാമിയയും അലിഗഢ് സര്‍വകലാശാലയും ഭീകരതയുടെ കേന്ദ്രങ്ങള്‍, തകര്‍ത്തുകളയണം

Update: 2025-11-13 08:46 GMT

ലഖ്‌നൗ: ജാമിയ മില്ലിയ അടക്കമുള്ള സര്‍വകലാശാലകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ദാസ്ന ദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ യതി നരസിംഹാനന്ദ് ഗിരി.

ജാമിയക്ക് പുറമെ അല്‍-ഫലാഹ് സര്‍വകലാശാല, അലിഗഢ് മുസ്ലിം സര്‍വകലാശാല, ദാറുല്‍ ഉലൂം ദിയോബന്ദ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നരസിംഹാനന്ദന്റെ പരാമര്‍ശം. ഈ സര്‍വകലാശാലകള്‍ ഭീകരതയുടെ കേന്ദ്രങ്ങളാണെന്നും സൈന്യത്തെ മുന്‍നിര്‍ത്തി പീരങ്കികള്‍ ഉപയോഗിച്ച് ഇവ തകര്‍ക്കണമെന്നുമാണ് യതി നരസിംഹാനന്ദ് പറഞ്ഞത്.

ഇതിനായി രാഷ്ട്രീയ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തണമെന്നും അല്ലാത്തപക്ഷം രക്ഷപ്പെടാന്‍ കഴിയില്ലെന്നും നരസിംഹാനന്ദ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് നരസിംഹാനന്ദന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍. 'ഹിന്ദുക്കളെ നിങ്ങള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. സ്‌ഫോടനങ്ങളില്‍ മരിച്ച ഭീകരര്‍ക്കായി അല്‍-ഫലാഹ് സര്‍വകലാശാലയില്‍ വിലാപം വരെ നടത്തി. അവര്‍ എന്നും അവരുടെ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു. അതുകൊണ്ടാണ് അവര്‍ക്ക് 57 രാജ്യങ്ങള്‍ ഉള്ളത്. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ നിങ്ങള്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്,' യതി നരസിംഹാനന്ദ് പറഞ്ഞു.

അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് യതി നരസിംഹാനന്ദ് വിദ്വേഷ പരാമര്‍ശം നടത്തിയത്. പോരാളികളിലാത്ത ഒരു സമൂഹത്തിന് അതിജീവിക്കാന്‍ കഴിയില്ലെന്നും നരസിംഹാനന്ദ് പറഞ്ഞു.






Tags: