യെസ് ബാങ്ക്: റാണാ കപൂറിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം

റാണാ കപൂറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ലണ്ടണില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചില സ്വത്തുകള്‍ കാണിക്കുന്ന രേഖകളും കണ്ടെത്തിരുന്നു.

Update: 2020-03-08 10:22 GMT

ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകനും മുന്‍ മാനേജിങ് ഡയറക്ടറുമായ റാണാ കപൂറിനെ അറസ്റ്റുചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റാണാ കപൂറിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ലണ്ടണില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചില സ്വത്തുകള്‍ കാണിക്കുന്ന രേഖകളും കണ്ടെത്തിരുന്നു.

ഡിഎച്ച്എഫ്എല്ലിനു കമ്പനി നല്‍കിയ വായ്പകള്‍ നിഷ്‌ക്രിയാസ്തിയുടെ ഗണത്തില്‍പ്പെടുത്തിയതുള്‍പ്പടെയുള്ള നിരവധി ക്രമക്കേടുകള്‍ റാണാ കപൂറിന്റെ പേരിലുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഇത് നിഷ്‌ക്രിയാസ്തിയായി മാറ്റുകയായിരുന്നു. അവയുടെയെല്ലാം ഉറവിടം അന്വേഷിച്ചുവരികയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, റാണാ കപൂറിന്റെ പെണ്‍മക്കളുടെ പേരിലുള്ള ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വസതിയിലും ഭാര്യ ബിന്ദു കപൂറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

കൂടാതെ യെസ് ബാങ്ക് അനുവദിച്ച വായ്പയില്‍നിന്ന് 600 കോടി രൂപയോളം മറ്റൊരു സ്വകാര്യസ്ഥാപനത്തിലേക്ക് ഡിഎച്ച്എഫ്എല്‍ മാറ്റിയിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. യെസ് ബാങ്കിന്റെ ചില കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള വഴിവിട്ട വായ്പ അനുവദിക്കലും ഇടപാടുകളും അന്വേഷിക്കും. ഇവര്‍ക്ക് ഡിഎച്ച്എഫ്എല്ലുമായുള്ള ബന്ധവും ഇതില്‍ ഉള്‍പ്പെടുന്നു.

Tags: