മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ മകന്‍ പീഡിപ്പിച്ചെന്ന്; യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Update: 2025-12-26 03:40 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശര്‍മ്മയുടെ മകന്‍ രജത് ശര്‍മ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏഴ് മാസമായി ഗായത്രി ശര്‍മ്മയും ഭര്‍ത്താവ് സഞ്ജയ് ദുബെയും മകന്‍ രജത് ശര്‍മ്മയും തന്നെ ഭീഷണിപ്പെടുത്തുന്നതായി ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഏപ്രില്‍ 14നാണ് രജത് ശര്‍മക്കെതിരെ കോട്വാലി പോലിസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 30ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഒരു മാസത്തിനുശേഷം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

'ഞാന്‍ പൂര്‍ണ ബോധാവസ്ഥയിലാണ് ഈ ആത്മഹത്യാക്കുറിപ്പ് എഴുതുന്നത്. എന്റെ മരണത്തിന് കാരണം ശിവപുരി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഗായത്രി ശര്‍മ്മയും ഭര്‍ത്താവ് സഞ്ജയ് ശര്‍മ്മയുമാണ്. അവരുടെ മകന്‍ രജത് ശര്‍മ്മയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് അവര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. തനിക്ക് എതിര്‍പ്പില്ലെന്നും വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ഗായത്രി ശര്‍മ്മ നേരത്തെ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മറ്റൊരു വിവാഹവുമായി മുന്നോട്ടുപോയി. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഗായത്രി ശര്‍മ്മ ഭീഷണിപ്പെടുത്തി' -ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ 14 ന് പോലിസ് സ്റ്റേഷനില്‍ പോയി അഞ്ച് മണിക്കൂര്‍ കാത്തിരുന്നെങ്കിലും ആ ദിവസം പരാതി രജിസ്റ്റര്‍ ചെയ്തില്ല. രജത് ശര്‍മ്മയുടെ വിവാഹനിശ്ചയം അതേ ദിവസം തന്നെ നടന്നു. കേസായതോടെ രാഷ്ട്രീയക്കാരെയും പോലിസുകാരെയും ഉപയോഗിച്ച് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. കേസ് പിന്‍വലിച്ചാല്‍ 50 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്‌തെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തന്നെ മാനസികമായി തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹന്‍ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ നീതി ഇടപെട്ട് നീതി നല്‍കണമെന്നും കുറിപ്പില്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 69 പ്രകാരം ഏപ്രിലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ശിവപുരി പോലിസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് പറഞ്ഞു. 'കേസ് കോടതിയുടെ പരിഗണനയിലാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കും' -പോലിസ് പറഞ്ഞു.






Tags: