മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 10,000 കടന്നു; 24 മണിക്കൂറിനിടെ 27 മരണം
സംസ്ഥാനത്ത് ഇന്നുണ്ടായ 20 മരണങ്ങളും മുംബൈയിലാണ്. ആകെ 290 പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്.
മുംബൈ: അതിവേഗം കൊവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 27 പേരാണ്. ഇതോടെ മരണസംഖ്യ 459 ആയി ഉയര്‍ന്നതായി ലൈവ് മിന്റ് റിപോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധിതരുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. 583 പുതിയ പോസിറ്റീവ് കേസുകള്‍കൂടി റിപോര്‍ട്ട് ചെയ്തതോടെയാണ് ആകെ രോഗികളുടെ എണ്ണം 10,498 ല്‍ എത്തിയത്.
സംസ്ഥാനത്ത് ഇന്നുണ്ടായ 20 മരണങ്ങളും മുംബൈയിലാണ്. ആകെ 290 പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്. മുംബൈയില്‍ വ്യാഴാഴ്ച 417 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ മഹാനഗരത്തിലെ ആകെ രോഗികളുടെ എണ്ണം 6,874 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മുംബൈയിലെ ധാരാവിയില്‍ 25 പേര്‍ക്കുകൂടി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ജനസാന്ദ്രതയുള്ള ചേരിപ്രദേശത്ത് വൈറസ് ബാധിതരുടെ എണ്ണം 369 ആയി ഉയര്‍ന്നുവെന്ന് ബിഎംസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ധാരാവിയില്‍ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.