കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ രാജിവെക്കും; ഭീഷണിയുമായി ഹരിയാന ഉപമുഖ്യമന്ത്രി

എംഎസ്പി കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇതിനകം ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Update: 2020-12-11 17:02 GMT

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാനാകുന്നില്ലെങ്കില്‍ മന്ത്രി സഭയില്‍ നിന്ന് രാജിവെക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗതാലയുടെ ഭീഷണി. താങ്ങുവില സമ്പ്രദായം റദ്ദാക്കില്ലെന്ന് കേന്ദ്രം രേഖാമൂലം നല്‍കിയ ഉറപ്പ് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് ഹരിയാന ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.

എംഎസ്പി കര്‍ഷകര്‍ക്ക് ഉറപ്പാക്കണമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇതിനകം ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉറപ്പുകളില്‍ എംഎസ്പി വ്യവസ്ഥയും ഉള്‍പ്പെടുന്നു. അധികാരത്തിലിരിക്കുന്നിടത്തോളം കര്‍ഷകര്‍ക്ക് എംഎസ്പി സുരക്ഷിതമാക്കാന്‍ പ്രവര്‍ത്തിക്കും. വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്ത ദിവസം ഈ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്നും ദുഷ്യന്ത് ചൗതാലയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

താനും തന്റെ പാര്‍ട്ടിയും നിരന്തരം കര്‍ഷകരുടെ കാഴ്ചപ്പാടുകള്‍ കേന്ദ്രത്തിന് മുന്നില്‍ വയ്ക്കുന്നുവെന്നും ദുഷ്യന്ത് ചൗതാല പറഞ്ഞു. കേന്ദ്രമന്ത്രിയുമായി ടെലിഫോണ്‍ വഴി ബന്ധപ്പെടുകയും കര്‍ഷകരുടെ പ്രശ്നത്തിന് സാധ്യമായ പരിഹാരങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.