ലൗ ജിഹാദ്... ഇപ്പോൾ ലാന്‍ഡ് ജിഹാദ്..., തടയാന്‍ നിയമം കൊണ്ടുവരും: അമിത് ഷാ
ബിജെപി തിരഞ്ഞെടുപ്പ് പത്രികയില്‍ പല കാര്യങ്ങളുമുണ്ട്. എന്നാല്‍ പ്രണയ, ഭൂമി ജിഹാദുകള്‍ക്കെതിരേ നിയമം കൊണ്ടുവരും എന്നതാണ് അതില്‍ ഏറ്റവും പ്രധാനം
ദിസ്പുര്‍: ലൗ ജിഹാദ് കുപ്രചരണത്തിന് പിന്നാലെ ലാൻഡ് ജിഹാദ് ആരോപണവുമായി അമിത് ഷാ. പ്രണയ, ഭൂമി ജിഹാദുകളെ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് അമിതി ഷാ അസമിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിനായി എല്ലാ കോളജ് വിദ്യാര്‍ഥിനികള്‍ക്കും സൗജന്യമായി സ്‌കൂട്ടികള്‍ നല്‍കുമെന്നും അസമിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.
ബിജെപി തിരഞ്ഞെടുപ്പ് പത്രികയില്‍ പല കാര്യങ്ങളുമുണ്ട്. എന്നാല്‍ പ്രണയ, ഭൂമി ജിഹാദുകള്‍ക്കെതിരേ നിയമം കൊണ്ടുവരും എന്നതാണ് അതില്‍ ഏറ്റവും പ്രധാനം- അമിത് ഷാ പറഞ്ഞു. നേരത്തെ സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധ മതംമാറ്റത്തിനെതിരേയും സ്വദേശികളുടെ ഭൂമി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.
ബിജെപി അസമിനെ സംഘര്‍ഷരഹിത തീവ്രവാദ രഹിത സംസ്ഥാനമാക്കി മാറ്റിയതായും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് അസം വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും പിടിയിലമര്‍ന്നത്. സംസ്ഥാനത്ത് ഉടനീളം ബിഎഡ് കോളജുകളും 2 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളും 8 ലക്ഷം സ്വകാര്യ സ്‌കൂളുകളും തുറക്കും. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിളും കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടിയും സൗജന്യമായി നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.