റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ അനുമതി; 'ഇന്ത്യയ്‌ക്കെന്തിന് അമേരിക്കയുടെ അനുമതി ? യുഎസ് പ്രഖ്യാപനത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ്

Update: 2026-03-06 08:14 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിഫൈനറികള്‍ക്ക് 30 ദിവസത്തേക്ക് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാമെന്ന യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ തീരുമാനിക്കാന്‍ അമേരിക്കയുടെ അനുമതി ആവശ്യമുണ്ടോ എന്നാണ് കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യം. രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ചും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. 'നമ്മുടെ ഊര്‍ജ്ജ സുരക്ഷാ ആവശ്യകതകള്‍ ഉറപ്പാക്കാന്‍ അമേരിക്കയുടെ അനുമതി ആവശ്യമുള്ള ഒരു ബനാന റിപ്പബ്ലിക്കാണോ നമ്മള്‍' എന്നാണ് മനീഷ് തിവാരിയുടെ ചോദ്യം.

കോണ്‍ഗ്രസ് എംപിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയും നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ബിജെപി സര്‍ക്കാര്‍ അടിയറവ് വെയ്ക്കുകയാണ് എന്നാണ് സുര്‍ജേവാലയുടെ വിമര്‍ശനം. ദില്ലിയില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും വിമര്‍ശനവുമായി രംഗത്തെത്തി- 'ട്രംപിന്റെ പുതിയ കളി; ദില്ലിയിലുള്ള തന്റെ സുഹൃത്തിനോട് പുടിനില്‍ നിന്ന് എണ്ണ ലഭിക്കുമെന്ന് പറഞ്ഞു. അമേരിക്കയുടെ ഈ ബ്ലാക്ക്മെയില്‍ എത്ര കാലം തുടരും?'.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ പ്രസ്താവനയാണ് വിവാദമായത്- ''പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ അജണ്ട എണ്ണ ഉത്പാദനം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാന്‍, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ 30 ദിവസത്തെ താത്ക്കാലിക ഇളവ് നല്‍കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ല. കാരണം ഇതിനകം കടലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കുന്നുള്ളൂ. ഇറാന്‍ ആഗോള ഊര്‍ജമേഖലയെ ബന്ദിയാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടുള്ള സമ്മര്‍ദം ഈ താത്കാലിക നടപടി ലഘൂകരിക്കും. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണ്. ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് യുഎസ് - ഇന്ത്യ വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തീരുവ 15 ശതമാനമായി കുറഞ്ഞു. അതിനിടെയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണ വ്യാപാരം പ്രതിസന്ധിയിലായത്. ഇതോടെ കടലിലുള്ള റഷ്യന്‍ ടാങ്കറുകളില്‍ നിന്ന് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് എണ്ണ വാങ്ങാം എന്നാണ് അമേരിക്കയുടെ അറിയിപ്പ്.