കോണ്‍ഗ്രസ് വന്ദേമാതരം ആലപിക്കുമ്പോള്‍ ബിജെപിയുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യുകയായിരുന്നു: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Update: 2025-12-09 12:22 GMT

ന്യൂഡല്‍ഹി: 1921ല്‍ കോണ്‍ഗ്രസ് വന്ദേമാതരം ആലപിക്കുമ്പോള്‍ ബിജെപിയുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. 1921ല്‍ നിസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ജയിലിലാവുന്ന സമയത്ത് ബിജെപിയുടെ പൂര്‍വികര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു.

'വന്ദേമാതരം' ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷികത്തില്‍ രാജ്യസഭയില്‍ സംസാരിക്കവെയാണ് ഖര്‍ഗെ ?ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. സ്വാതന്ത്രസമര കാലത്ത് വന്ദേമാതരം മുദ്രാവാക്യമായി ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്.

'എല്ലാക്കാലവും സ്വാതന്ത്ര പോരാട്ടങ്ങള്‍ക്കും ദേശഭക്തി ഗാനങ്ങള്‍ക്കും എതിരുനിന്നതാണ് ബിജെപിയുടെ ചരിത്രം. മഹാത്മാ ഗാന്ധി 1921ല്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ലക്ഷക്കണക്കിന് സ്വാതന്ത്രസമര പോരാളികള്‍ വന്ദേമാതരം ഉരുവിട്ട് ജയിലിലേക്ക് പോയി. നിങ്ങളെന്തായിരുന്നു ചെയ്തത്? നിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പണിയെടുക്കുകയായിരുന്നു,'ഖാര്‍ഗെ പറഞ്ഞു.

'ജവഹര്‍ ലാല്‍ നെഹ്‌റുവിനെ അപമാനിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാഴാക്കാറില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും ഇതേ പാത പിന്തുടരുന്നു,' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കേട്ടിരുന്നു. 1937ല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന്റെ ഭീഷണിക്ക് വഴങ്ങി വന്ദേമാതരത്തില്‍ നിന്ന് സുപ്രധാന ചരണങ്ങള്‍ നീക്കിയതായി പ്രധാനമന്ത്രി ആരോപിച്ചു.

പൂര്‍വികനായ ശ്യാമപ്രസാദ് മുഖര്‍ജി മുസ്‌ലിം ലീഗുമായി ചേര്‍ന്ന് ബെംഗാളില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ബിജെപിയുടെ ദേശസ്‌നേഹം എവിടെപ്പോയിരുന്നുവെന്ന് ചോദിച്ച ഖാര്‍ഗെ ഇപ്പോള്‍ ബിജെപിക്കാര്‍ ഇങ്ങ?നത്തെ ആരോപണങ്ങളുമായാണ് രംഗത്തുവരുന്നതെന്ന് പരിഹസിച്ചു.