ദശലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണുകളില്‍ ഇന്ന് മുതല്‍ വാട്‌സ് ആപ്പ് ലഭിക്കില്ല, കാരണമിതാണ്

ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലാണ് ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഇത്തരം സ്മാര്‍ട്ട് ഫോണുകളിലെ ഓപറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

Update: 2020-01-31 20:00 GMT

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നുമുതല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപറേറ്റിങ് സിസ്റ്റവുമായുളള സഹകരണം അവസാനിപ്പിക്കാന്‍ വാട്‌സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ലഭിക്കാതെ വരുമെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. ഉപയോക്താക്കളുടെ സുരക്ഷ പരിരക്ഷിക്കുന്നതിനുവേണ്ടിയാണ് തീരുമാനമെന്ന് വാട്‌സ് ആപ്പ് പറയുന്നു. അതേസമയം, ജിയോ ഫോണിലും ജിയോ ഫോണ്‍ രണ്ടിലും സേവനം തുടര്‍ന്നും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലാണ് ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഇത്തരം സ്മാര്‍ട്ട് ഫോണുകളിലെ ഓപറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

ആന്‍ഡ്രോയിഡ് 2.3.7 ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും ഐഒഎസ് എട്ട് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലുമാണ് വാട്‌സ് ആപ്പ് സേവനം കിട്ടാതെ വരിക. ഡിസംബര്‍ 31 ഓടെ വിന്‍ഡോസ് ഫോണുകളുമായുളള സഹകരണം വാട്‌സ് ആപ്പ് അവസാനിപ്പിച്ചിട്ടുണ്ട്. അതായത് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ലൂമിയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വാട്‌സ് ആപ്പ് ലഭിക്കാത്തത്. പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വാട്‌സ് ആപ്പ് അക്കൗണ്ട് തുറക്കുന്നതിനും തടസ്സമുണ്ടാവുമെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു.

അതേസമയം, സമയപരിധി തീരുന്നതിന് മുമ്പ് വരെയുളള ചാറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്‌സ് ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷനുണ്ട്. അതുവഴി ചാറ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കി. അതേസമയം, നിലവിലുള്ള വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്‌സ് ആപ്പ് സേവനം ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ഗുഗിള്‍ പുറത്തുവിട്ട കണക്കനുസരിച്ച് 99.6 ശതമാനം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളും വാട്‌സ് ആപ്പിന്റെ പുത്തന്‍ പതിപ്പുകളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, ഐഫോണ്‍ ഉപയോക്താക്കോളും ഐഒഎസ് പന്ത്രണ്ടോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഉപയോക്താക്കളെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.  

Tags: