'ഫലസ്തീനെക്കുറിച്ച് സംസാരിച്ചാല്‍ എന്താണ് തെറ്റ്? 'ഭാരത് മാതാ കീ ജയ്' വിളിക്കില്ല', ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ അനുവദിക്കില്ല: ഇല്‍തിജ മുഫ്തി

Update: 2026-01-02 17:56 GMT

ശ്രീനഗര്‍: പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫലസ്തീന്‍ പതാക പതിപ്പിച്ച ഹെല്‍മറ്റ് ധരിച്ചു കളിച്ച താരത്തെ പിന്തുണച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളുമായ ഇല്‍തിജ മുഫ്തി. ഫലസ്തീനിടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഇല്‍തിജ ചോദിച്ചു.

ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ ഫുര്‍ഖാന്‍ ഉല്‍ ഹഖ് എന്ന താരമാണ് ഫലസ്തീന്റെ പതാക പതിച്ച ഹെല്‍മറ്റുമായി ബാറ്റിങ്ങിന് ഇറങ്ങിയത്. സംഭവത്തില്‍ ബാറ്ററെയും ടൂര്‍ണമെന്റിന്റെ സംഘാടകനായ സാഹിദ് ബട്ടിനെയും പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലിസിന്റെ നടപടി. ടൂര്‍ണമെന്റിന് ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരമില്ലെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 29നു ജമ്മുവിലാണ് വിവാദത്തിനാസ്പദമായ ടൂര്‍ണമെന്റ് ആരംഭിച്ചത്.

''എല്ലാത്തിനും ഞങ്ങളെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നുണ്ട്. സ്വതന്ത്രമായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലേ? ഫലസ്തീനെക്കുറിച്ച് സംസാരിച്ചാല്‍ അതില്‍ എന്താണ് തെറ്റ്?'' ഇല്‍തിജ ചോദിച്ചു. ''ലണ്ടന്‍, യൂറോപ്പ് അല്ലെങ്കില്‍ അമേരിക്ക എന്നിവടങ്ങളിലെല്ലാം ഗസയില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നു. ഗസയില്‍ ഒരു തലമുറ മുഴുവന്‍ തുടച്ചുനീക്കപ്പെടുന്നു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎന്‍ പോലും നിരോധിക്കപ്പെടുന്നു. നിയമത്തിന്റെ മറവില്‍ എന്തും നടക്കും. ഇവിടെ നിയമവാഴ്ചയില്ല.'' ഇല്‍തിജ കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കെതിരെയും മുഖ്യമന്ത്രി ഒമല്‍ അബ്ദുല്ലയ്‌ക്കെതിരെയും ഇല്‍തിജ ആഞ്ഞടിച്ചു. ജമ്മു കശ്മീരില്‍ ഹമാസ് പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ അനുദിക്കില്ലെന്ന ബിജെപി പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, ഇവിടെ ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇല്‍തിജയുടെ മറുപടി. ''ഇവിടെ ഞങ്ങള്‍ ഹിന്ദുത്വ അനുവദിക്കില്ല. 'ജയ് ശ്രീ റാം' അല്ലെങ്കില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിച്ചാല്‍, ഞങ്ങള്‍ അതു ചെയ്യാന്‍ പോകുന്നില്ല. ഹിമാചല്‍ പ്രദേശിലും ഹരിയാനയിലും കശ്മീരി വിദ്യാര്‍ഥികളെയും ഷാള്‍ വില്‍പനക്കാരെയും ആക്രമിക്കുന്നു, പക്ഷേ ഇവിടെ നിങ്ങളുടെ ഹിന്ദുത്വ ഞങ്ങള്‍ അനുവദിക്കില്ല.'' ഇല്‍തിജ പറഞ്ഞു.

മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരില്‍ ബിജെപി അജന്‍ഡ നടപ്പാക്കുന്നെന്നും ഇല്‍തിജ മുഫ്തി ആരോപിച്ചു. ''ഒമര്‍ എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് സംസാരിക്കുന്നില്ല? അദ്ദേഹം സംസ്ഥാന പദവിയെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. അദ്ദേഹം ബിജെപിയുടെ അജന്‍ഡയാണ് നടത്തുന്നത്.'' ഇല്‍തിജ ആരോപിച്ചു.






Tags: