ബംഗാള്‍ അക്രമം: എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ്
കേന്ദ്ര, ബംഗാള്‍ സര്‍ക്കാരുകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി ഇന്നലെ നോട്ടിസ് അയച്ചിരുന്നു.
കൊല്‍ക്കത്ത: വോട്ടെടുപ്പിനു ശേഷമുള്ള അക്രമത്തിനിരയായ എല്ലാവരുടെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പശ്ചിമബംഗാള്‍ പോലിസിനു കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. അക്രമത്തിനിരയായവര്‍ക്കു വൈദ്യചികിൽസ ഉറപ്പുവരുത്താനും റേഷന്‍ കാര്‍ഡുകളില്ലെങ്കിലും റേഷന്‍ നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വോട്ടെടുപ്പിനു ശേഷമുള്ള അക്രമത്തില്‍ കൊല്ലപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് അഭിജിത് സര്‍ക്കാറിന്റെ ആന്തരികാവയവ പരിശോധന വീണ്ടും നടത്താനും കോടതി ഉത്തരവ്.
ബംഗാളിലെ വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളുടെ കാരണങ്ങളെക്കുറിച്ച് എസ്ഐടി അന്വേഷിക്കണമെന്ന ഹരജിയില്‍ കേന്ദ്ര, ബംഗാള്‍ സര്‍ക്കാരുകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി ഇന്നലെ നോട്ടിസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി ഇടപെടല്‍.
വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളില്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ നിര്‍ദേശിച്ച സമിതി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.