അഞ്ചാംഘട്ട വോട്ടെടുപ്പ്: ബംഗാളില്‍ പോളിങ് ബൂത്തില്‍ ബിജെപി ഏജന്റ് മരിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപി പോളിങ് ഏജന്റ് ബൂത്തിനുള്ളില്‍വച്ച് മരിച്ചു. കാമര്‍ഹതിയിലെ 107ാം നമ്പര്‍ പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിജെപി ഏജന്റ് അഭിജിത്ത് സമാന്ത മരണപ്പെട്ടത്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ടവരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്നും ഇവിടെ ചികില്‍സിക്കാന്‍ സൗകര്യമില്ലെന്നും പോളിങ് ഏജന്റിന്റെ സഹോദരന്‍ എഎന്‍ഐയോട് പറഞ്ഞു.
ബൂത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ ഞങ്ങളെ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ പ്രതികരണം. നിലത്തുകിടക്കുന്നത് കണ്ട് താന്‍ വെള്ളവുമായി പോവുകയായിരുന്നുവെന്നും പ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു. കനത്ത സുരക്ഷയ്ക്കിടയിലാണ് പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ 7 ന് ആരംഭിച്ചത്. ആറാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 22 ന് നടക്കും.