ബിജെപിയുടെ വിജയ് സങ്കല്‍പ്പ് ബൈക്ക് റാലി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞു

Update: 2019-03-03 13:17 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയ ബിജെപിയുടെ വിജയ് സങ്കല്‍പ്പ് ബൈക്ക് റാലി പോലിസ് തടഞ്ഞു. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാലും ഗതാഗതക്കുരുക്കുണ്ടാവുമെന്നു കാണിച്ചുമാണ് റാലിക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ബൈക്ക് റാലി നടത്തുകയായിരുന്നു. വിവിധ ഇടങ്ങളിലായി നൂറോളം റാലികളാണ് സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്നത്. അനുമതിയില്ലാതെ റാലി ആരംഭിച്ചതോടെ പോലിസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയായിരുന്നു. ഇതോടെയാണ് പോലിസ് ലാത്തി വീശിയത്. സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും എന്തു തന്നെയായാലും സംസ്ഥാനത്ത് തങ്ങള്‍ വിജയിക്കുകതന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. 

Tags:    

Similar News