ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം ഇതിഹാസ നായിക വഹീദ റഹ്‌മാന്
തന്റെ പ്രിയനായകന്‍ ദേവ് ആനന്ദിന്റെ നായികയായി കൊണ്ടായിരുന്നു വഹീദയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം
ഡല്‍ഹി: സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചുള്ള ഈ വര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം ബോളിവുഡിന്റെ ഇതിഹാസ നായിക വഹീദ റഹ്‌മാന്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് വഹീദ 1955ല്‍ 'റോജുലു മറായി' എന്ന തെലുങ്കുചിത്രത്തില്‍ ഒരു ഐറ്റം നമ്പറിലൂടെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1955-ല്‍ 'സിഐഡി' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. 'പ്യാസ', 'കാഗസ് കാ ഫൂല്‍', 'ചൗദഹ് വിന്‍ കാ ചാങ്', 'സാഹിബ് ബീബി ഔര്‍ ഗുലാം', 'ഗൈഡ്', 'റാം ഔര്‍ ശ്യാം', 'നീല്‍ കമല്‍', 'ഖാമോശീ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി വഹീദ റഹ്‌മാന്‍ മാറി.
അഭിനയത്തില്‍ നിന്നും ഒരിടവേള എടുത്ത വഹീദ 2002ല്‍ 'ഓം ജയ് ജഗദീഷ്' എന്ന ചിത്രത്തിലൂടെയാണ് തിരികെ വെള്ളിത്തിരയിലെത്തുന്നത്. 'വാട്ടര്‍', 'മെയിന്‍ ഗാന്ധി കോ നഹി മാരാ', '15 പാര്‍ക്ക് അവന്യൂ', 'രഗ് ദേ ബസന്തി', 'ഡല്‍ഹി 6', 'വിശ്വരൂപം 2' എന്നീ ചിത്രങ്ങളിലൂടെ ക്യാരക്ടര്‍ റോളുകളിലും വഹീദ രണ്ടാം വരവ് ഗംഭീരമാക്കി. തന്റെ പ്രിയനായകന്‍ ദേവ് ആനന്ദിന്റെ നായികയായി കൊണ്ടായിരുന്നു വഹീദയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 'ഗുരുദത്ത്', 'ദിലീപ് കുമാര്‍', 'സുനില്‍ ദത്ത്' എന്നിവരുടെ നായികയായും വഹീദ അക്കാലത്ത് ബോളിവുഡിന്റെ ആരാധാനാപാത്രമായി.
