രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബിജെപിക്ക്; അഞ്ച് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

Update: 2026-04-16 18:08 GMT

ചണ്ഡിഗഡ്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത അഞ്ച് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവം ആയിരുന്നു ഹരിയാനയിലെ ക്രോസ് വോട്ടിങ്. ഇതിലാണ് ഇപ്പോഴത്തെ നടപടി.

ഷെല്ലി ചൗധരി, ജര്‍നെയ്ല്‍ സിങ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രെയ്ല്‍, രെനു ബാല എന്നിവര്‍ക്ക് എതിരെയാണ് നടപടി. പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ കരംവീര്‍ സിങ് ബൗധിനെതിരായി വോട്ട് ചെയ്തത് അച്ചടക്ക ലംഘനമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സ്റ്റേറ്റ് ഡിസിപ്ലിനറി കമ്മിറ്റിയുടെയും എഐസിസിയുടെയും ശുപാര്‍ശ പ്രകാരമാണ് നടപടി.

നേരത്തെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതിനിധിക്ക് വോട്ട് ചെയ്യാതിരുന്നതില്‍ അഞ്ച് എംഎല്‍എമാര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ധരംപാല്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി് ഇവരുടെ മറുപടി വിശകലനം ചെയ്ത ശേഷമാണ് സസ്പെന്‍ഷന്‍ നടപടികളിലേക്ക് കടന്നത്.