ബംഗളൂരു ലഹരിമരുന്ന് കേസ്: നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യയ്ക്ക് സിറ്റി ക്രൈംബ്രാഞ്ച് നോട്ടീസ്
മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് ഭാര്യ പ്രിയങ്ക ആല്‍വ പ്രിയങ്ക ആല്‍വ ഒബ്റോയിയോട് ചോദ്യംചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്.
ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യയ്ക്ക് സിസിബി (സിറ്റി ക്രൈംബ്രാഞ്ച്) യുടെ നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് ഭാര്യ പ്രിയങ്ക ആല്‍വ പ്രിയങ്ക ആല്‍വ ഒബ്റോയിയോട് ചോദ്യംചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയത്. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് നോട്ടീസ്.
കന്നഡ സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ബംഗളൂരു ലഹരിമരുന്ന് കേസിലെ മുഖ്യകണ്ണിയാണ് പ്രിയങ്കയുടെ സഹോദരന്‍ ആദിത്യ ആല്‍വ. സിറ്റി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. ബംഗളൂരുവിലുള്ള ആദിത്യ ആല്‍വയുടെ വീട്ടിലും കഴിഞ്ഞമാസം പോലിസ് പരിശോധന നടത്തിയിരുന്നു. കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ഇയാള്‍ക്കെതിരേ അന്വേഷണം നടക്കുന്നത്. ഇയാള്‍ ഒളിവിലാണ്. ആദിത്യ ആല്‍വയുടെ ബന്ധുവാണ് വിവേക് ഒബ്‌റോയ്.
ആല്‍വ വിവേക് ഒബ്‌റോയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് ചില വിവരങ്ങള്‍ ലഭിച്ചു. അതെക്കുറിച്ച് അന്വേഷിക്കാനാണ് പരിശോധന നടത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് വാറന്റുമായാണ് പരിശോധനയ്‌ക്കെത്തിയതെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ 15 ഓളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബംഗളൂരു ഹെബല്‍ തടാകത്തിന് സമീപം ആദിത്യ ഡ്രഗ് പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലിസിന്റെ നിഗമനം.
