വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ച; മരണം 11 ആയി, മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം

ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന പ്ലാന്റ് ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍നിന്നും സ്റ്റെറീന്‍ എന്ന വാതകമാണ് ചോര്‍ന്നതെന്നും ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ പറഞ്ഞു.

Update: 2020-05-07 09:53 GMT

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 316 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. വിഷവാതകം ശ്വസിച്ച് 1000ലധികം പേര്‍ രോഗികളായെന്നാണ് റിപോര്‍ട്ട്. വെങ്കിട്ടപുരം ഗ്രാമത്തിലെ ബഹുരാഷ്ട്ര ഭീമനായ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍നിന്നാണ് വിഷവാതകം ചോര്‍ന്നത്. പുലര്‍ച്ചെ 2.30 ഓടെയാണ് ചോര്‍ച്ചയുണ്ടായത്.

അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം വ്യാപിച്ചിട്ടുണ്ട്. ഇതെത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന പ്ലാന്റ് ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍നിന്നും സ്റ്റെറീന്‍ എന്ന വാതകമാണ് ചോര്‍ന്നതെന്നും ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ പറഞ്ഞു. ശ്വാസതടസം, കണ്ണെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടാന്‍ തുടങ്ങി. പലരും വഴിയില്‍ ബോധരഹിതരായി വീണുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഒരുകോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 10 ലക്ഷം രൂപയും ചികില്‍സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തവര്‍ക്ക് ഒരുലക്ഷം രൂപ വീതവും ലഭിക്കും. വാതകച്ചോര്‍ച്ച രൂക്ഷമായതിനാല്‍ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യമെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് വിശാഖപട്ടണം കലക്ടര്‍ പറഞ്ഞു. വാതകത്തിന്റെ സാന്ദ്രത കുറഞ്ഞശേഷമാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്. സമീപപ്രദേശങ്ങളില്‍നിന്ന് ഇപ്പോഴും ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.  

Tags: