വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ബിജെപിയുടെ ക്ഷണം തള്ളി, ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടി
ചെന്നൈ: ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിജയ്യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായി. ടിവികെ എഐഡിഎംകെ സഖ്യത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് ബിജെപിയുടെ ക്ഷണം തള്ളി.
വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കുമെന്നും യോഗത്തില്‍ തീരുമാനം ആയി. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. അതേസമയം ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്ന് വ്യക്തമാക്കിയാണ് ബിജെപിയുടെ ക്ഷണം വിജയ് തള്ളിയത്. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും ബിജെപിയുടെ നീക്കം തമിഴ്‌നാട്ടില്‍ ഫലം കാണില്ലെന്നും വിജയ് കുറ്റപ്പെടുത്തി.
ബിജെപിയുടെ കൂടെ ചേരാന്‍ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ലെന്നും ഇത് ടിവികെ ആണെന്നും വിജയ് പരിഹസിച്ചു. ബിജെപിയുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് വ്യക്തമാക്കി. അതേസമയം പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് അറിയിച്ചു. 15000 ജനങ്ങളുടെ പ്രശ്‌നം സര്‍ക്കാരിന് ചെറുതാണോ എന്നും വിജയ് വിജയ് ചോദിച്ചു.