തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ നവംബറില്‍ തുടങ്ങിയേക്കുമെന്ന് റിപോര്‍ട്ട്
മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
തിരുവനന്തപുരം: ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം കേരളത്തില്‍ നവംബറില്‍ തുടങ്ങിയേക്കും. നവംബര്‍ ഒന്ന് മുതല്‍ തീവ്ര പരിഷ്‌കരണം തുടങ്ങാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ പരിഷ്‌കരണം നീട്ടിവെക്കണമെന്ന കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ കത്ത് തള്ളിയതായാണ് വിവരം. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍ തമിഴ്‌നാട് പുതുച്ചേരി എന്നിവിടങ്ങളിലും നവംബര്‍ ഒന്നിന് പ്രക്രിയ ആരംഭിച്ചേക്കും.
2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ്‌ഐആര്‍ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടന്‍ തയ്യാറാകും. അടുത്ത ദിവസങ്ങളില്‍ സമയക്രമം പ്രഖ്യാപിക്കും. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ(എസ്‌ഐആര്‍)നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രത്തന്‍ ഖേല്‍ക്കര്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരെ കേരളം പ്രമേയം പാസാക്കിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു. രേഖകള്‍ ഇല്ലെന്നതിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ്‌ഐആറിനുള്ള തയ്യാറെടുപ്പ് ചര്‍ച്ചയായെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കും എന്ന സൂചന വാര്‍ത്താകുറിപ്പിലില്ല. എല്ലായിടത്തും തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
