'തോല്‍വി ഉറപ്പായപ്പോള്‍ പകപോക്കുന്നു; തമിഴ്‌നാടിനെ അവഗണിച്ചത് ബിജെപിയുടെ രാഷ്ട്രീയ പ്രതികാരം': കേന്ദ്ര ബജറ്റിനെതിരേ ആഞ്ഞടിച്ച് സ്റ്റാലിന്‍
ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ നിന്ന് ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര ബജറ്റില്‍ നിന്ന് തമിഴ്‌നാടിനെ അവഗണിച്ചതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്ര ബജറ്റിനെ നിരാശാജനകമെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
''ഈ വര്‍ഷമെങ്കിലും ബിജെപി സര്‍ക്കാരിന്റെ കണ്ണുകളില്‍ തമിഴ്നാട് തെളിഞ്ഞു കാണുമെന്നും ഞങ്ങളുടെ ശബ്ദം അവരുടെ ചെവികളില്‍ എത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ പകരം വലിയ നിരാശയാണ് നല്‍കിയത്,'' അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഈ വര്‍ഷം തങ്ങളെ പരിഗണിക്കുമെന്ന് കരുതിയെന്നും ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രയോജനകരമായ പ്രധാന പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. കൂടാതെ തമിഴ്നാടിനായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാത്തതിലും പ്രധാന പദ്ധതികളുടെ തടഞ്ഞുവെച്ച ഫണ്ടുകള്‍ വിതരണം ചെയ്യാത്തതിലും അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു.