വി സിയുടെ ജാതി അധിക്ഷേപ പരാമര്‍ശം: ജെഎന്‍യുവില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ( ജെഎന്‍യു) വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ വി സിക്കെതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. വൈസ് ചാന്‍സിലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്റെ രാജി ആവശ്യം ശക്തമാക്കികൊണ്ടാണ് ഇടത് സംഘടനകള്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ചില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും എബിവിപി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. എബിവിപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിച്ചെന്ന് എബിവിപിയും ആരോപിച്ചു.
യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിനിടെ വി സി നടത്തിയ പ്രസ്താവനയിലാണ് വിദ്യാര്‍ഥി പ്രതിഷേധമുണ്ടായത്. വിസിയുടെ ജാതി അധിക്ഷേപ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും ഇത്തരമൊരു വി സി ജെഎന്‍യു പോലൊരു സ്ഥാപനത്തിന് ആവശ്യമില്ലെന്നും മുന്‍ ജെഎന്‍യു പ്രസിഡന്റ് നിതീഷ് കുമാര്‍ പറഞ്ഞു. ജെഎന്‍യുവിനെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന പങ്കാളിത്തമാണ് ഇതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സമീപ മാസങ്ങളില്‍ ക്യാംപസില്‍ നടന്ന ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണിതെന്നും ഇടത് വിദ്യാര്‍ഥി യൂണിയനുകള്‍ അവകാശപ്പെട്ടു.
ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റിലാണ് വി സി ജാതി അധിക്ഷേപം നടത്തിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിനായി യുജിസി പുറത്തിറക്കിയ ചട്ടങ്ങള്‍ യുക്തിരഹിതമാണെന്ന് വിസി പറഞ്ഞിരുന്നു. സ്ഥിരമായ ഇരവാദം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഈ വാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു വിസി പറഞ്ഞത്. കറുത്ത വംശജര്‍ ഉയര്‍ത്തുന്ന വാദമാണ് അതെന്നും വിസി ആരോപിച്ചിരുന്നു.
