വിജയ് ഹസാരെയില്‍ 36 പന്തില്‍ സെഞ്ചുറി, അതിവേഗ 150, ലോക റെക്കോര്‍ഡുമായി വൈഭവ് സൂര്യവന്‍ഷി
റാഞ്ചി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിലെ നിരാശക്ക് പിന്നാലെ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി യുവതാരം വൈഭവ് സൂര്യവന്‍ഷി. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ പ്ലേറ്റ് ലീഗ് മത്സരത്തില്‍ അരുണാചല്‍പ്രദേശിനെതിരെ ബിഹാറിനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് 36 പന്തില്‍ സെഞ്ചുറി നേടിയാണ് റെക്കോര്‍ഡിട്ടത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 10 ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു പതിനാലുകാരനായ വൈഭവിന്റെ വെടിക്കെട്ട് സെഞ്ചുറി. ഇതിന് പുറമെ 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്.
ബിഹാര്‍ ഇന്നിംഗ്‌സിലെ പന്ത്രണ്ടാം ഓവറില്‍ വൈഭവ് സെഞ്ചുറി തികച്ചു. അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ബിഹാര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെന്ന നിലയിലാണ്. 33 റണ്‍സെടുത്ത ഓപ്പണര്‍ മഹ്‌റൗറിന്റെ വിക്കറ്റാണ് ബിഹാറിന് നഷ്ടമായത്. 79 പന്തില്‍ 177 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷിയും 27 റണ്‍സുമായി പിയൂഷ് കുമാര്‍ സിംഗുമാണ് ക്രീസില്‍. 14 ഫോറും 13 സിക്‌സും പറത്തിയാണ് വൈഭവ് ക്രീസില്‍ നില്‍ക്കുന്നത്. 2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിംഗിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്.
നേരിയ വ്യത്യാസത്തിലാണ് വൈഭവിന് റെക്കോര്‍ഡ് നഷ്ടമായത്. 40 പന്തില്‍ സെഞ്ചുറി തികച്ച യൂസഫ് പത്താന്‍, 42 പന്തില്‍ സെഞ്ചുറി തികച്ച അഭിഷേക് ശര്‍മ എന്നിവരെയാണ് വൈഭവ് ഇന്ന് പിന്നിലാക്കിയത്. അതേസമയം, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍കിന്റെ പേരിലാണ്. 2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്‌ട്രേലിയക്കായി 29 പന്തിലാണ് മക്ഗുര്‍ഗ് സെഞ്ചുറിയിലെത്തി അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ടത്. 31 പന്തില്‍ സെഞ്ചുറി തികച്ച എ ബി ഡിവില്ലിയേഴ്‌സാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരം.

