ഉത്തരാഖണ്ഡ് ദുരന്തം: റെയ്‌നി ഗ്രാമത്തിന് മുകളില്‍ തടാകം രൂപപ്പെടുന്നു; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി
ഈ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും സ്ഥിരീകരിച്ചു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് തപോവന്‍ മേഖലയിലെ റെയ്‌നി ഗ്രാമത്തിന് മുകളിലായി തടാകം രൂപപ്പെടുന്നു. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് തടാകം രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉടലെടുത്തിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 36 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.
200 ഓളം പേര്‍ക്കായി തിരച്ചില്‍ നടക്കുകയുമാണ്. ഉത്തരാഖണ്ഡില്‍ രണ്ടുപേരെ ജീവനോടെ കണ്ടെത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തടാകം രൂപപ്പെടുന്നതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറും സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എട്ടംഗ എസ്ഡിആര്‍എഫ് ടീമിനെ ഇന്ന് സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണസേന സാഹചര്യം പരിശോധിച്ചതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഐജി എസ്ഡിആര്‍എഫ് റിഥിം അഗര്‍വാള്‍ പറഞ്ഞു.
An artificial Lake has formed on river #Rishiganga in #Chamoli Dist #Uttarakhand with length of 350 m height of 60 m with slope of 10deg. Video showing the lakse is uploaded. pic.twitter.com/nNRzVrExlX
— Central Water Commission Official Flood Forecast (@CWCOfficial_FF) February 12, 2021
ഋഷിഗംഗയില്‍ വെള്ളം ഉയരുന്നതായും സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചമോലി പോലിസ് അറിയിച്ചിട്ടുണ്ട്. പരിഭ്രാന്തരാവരുതെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് പോലിസ് അഭ്യര്‍ഥിച്ചത്. ജോഷിമത്തിലെ റെയ്‌നി ഗ്രാമത്തിന് സമീപം ഒരു തടാക രൂപംകൊണ്ടതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത് നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ്. എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല. ശാസ്ത്രജ്ഞര്‍ ഇക്കാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.
തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിലവിലെ തുരങ്കത്തിന്റെ 12 മീറ്റര്‍ താഴെ ചെറിയ തുരങ്കമുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ മനുഷ്യസാന്നിധ്യമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, സ്‌റ്റേക്ക്‌ഹോള്‍ഡര്‍ ഏജന്‍സികള്‍ എന്നിവ സംബന്ധിച്ച് കൃത്യമായ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയാണെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ എസ്എന്‍ പ്രധാന്‍ പറഞ്ഞു.
