ഉത്തരാഖണ്ഡില്‍ 'ബാബ' എന്ന കടനാമത്തെച്ചൊല്ലി തര്‍ക്കം; മുസ് ലിം വയോധികനെ തടഞ്ഞ് ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍(വീഡിയോ)

Update: 2026-01-31 14:51 GMT

ന്യൂഡല്‍ഹി: കടയ്ക്ക് ബാബ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ മുസ് ലിം വയോധികനായ വ്യാപാരിയെ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ജനുവരി 26ന് ഉത്തരാഖണ്ഡിലെ കോട്ദ്വാര്‍ പട്ടണത്തിലാണ് സംഭവം.ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കടയുടെ നാമമായ 'ബാബ' എന്ന പദം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയത്. പട്ടേല്‍ മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന കടയുടെ പേര് 'ബാബ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിംഗ് സെന്റര്‍' എന്നാണ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഇതേ പേരില്‍ തന്നെ കട നടത്തിവരികയാണെന്നും ജിഎസ്ടി വകുപ്പില്‍ ഈ പേര് രജിസ്റ്റര്‍ ചെയ്തതാണെന്നും കടയുടമ വ്യക്തമാക്കി.

ബജ്‌റംങ്ദള്‍ പ്രവര്‍ത്തകര്‍ കടയ്ക്കുള്ളില്‍ കയറി, മുമ്പ് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് പേര് മാറ്റിയില്ലെന്ന് ചോദ്യം ചെയ്യുന്നത് കാണാം. ഈ പേര് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നും എളുപ്പത്തില്‍ മാറ്റാന്‍ കഴിയില്ലെന്നും വയോധികന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ അത് അവഗണിച്ച് സമ്മര്‍ദ്ദം തുടരുന്നു.

'ബാബ' എന്ന പദം ഉപയോഗിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുമാത്രമാണെന്നും സമീപത്തെ ഹനുമാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സിദ്ധ്ബലി ബാബയുമായി ആ പദം ബന്ധപ്പെട്ടതാണെന്നും ഒരു പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. എന്നാല്‍ കോട്ദ്വാറില്‍ തന്നെ 'ബാബ' എന്ന പദം ഉള്‍പ്പെടുന്ന നിരവധി കടകളുണ്ടെന്നത് ശ്രദ്ധേയമാണ് ബാബ ബുക്ക് സെന്റര്‍, ബാബ ജനറല്‍ സ്റ്റോര്‍, ബാബ പാന്‍ ഷോപ്പ് എന്നിവ ഉള്‍പ്പെടെ. സംഭവത്തിനിടയില്‍ ഒരു പ്രാദേശിക യുവാവ് ഇടപെട്ട് പ്രവര്‍ത്തകരുടെ പെരുമാറ്റത്തിനെതിരെ പ്രതിഷേധിച്ചു. പേര് ചോദിച്ചപ്പോള്‍ താന്‍ 'മുഹമ്മദ് ദീപക്' ആണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍, 'ബാബ' എന്ന പദം ഒരു സമുദായത്തിനായി മാത്രമെന്ന് പറയുന്നത് എന്തിനാണെന്ന് ചോദ്യം ചെയ്തു.തര്‍ക്കം രൂക്ഷമായതോടെ കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തി. ദൃശ്യങ്ങളുടെ അവസാനം ദീപക്കും മറ്റൊരാളും പ്രവര്‍ത്തകരെ കടയില്‍ നിന്ന് തള്ളിപ്പുറത്താക്കി വിട്ടയക്കുന്നതും കാണാം.






Tags: