പട്ടിണി മൂലം അഞ്ചുവയസുകാരിയുടെ മരണം; യോഗി സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

സംഭവത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ജില്ലാ അധികാരികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Update: 2020-08-25 06:41 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പട്ടിണിയും രോഗവും മൂലം അഞ്ചുവയസുകാരി മരണപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ജില്ലാ അധികാരികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ആഗ്ര സംഭവത്തിന് കാരണം പ്രാദേശിക ഭരണകൂടത്തിന്റെ കടുത്ത അവഗണനയും മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും കമ്മീഷന്‍ നോട്ടീസില്‍ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് ആഗ്രയിലെ നാഗ്ല വിധിചന്ദ് ഗ്രാമത്തില്‍ അഞ്ചുവയസ്സുകാരി സോണിയ പട്ടിണിയും രോഗവും മൂലം മരണപ്പെട്ടതായ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഒരുമാസത്തോളമായി പെണ്‍കുട്ടിയുടെ കുടുംബം ജോലിക്ക് പോയിരുന്നില്ല. ഇതെത്തുടര്‍ന്ന് ഒരാഴ്ചയായി കുടുംബം ഭക്ഷണം കഴിക്കാതെ പട്ടിണിയിലുമായി.

രൂക്ഷമായ പട്ടിണിയും രോഗവും പിടിപെട്ട് അഞ്ചുവയസുകാരി വെള്ളിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങി. മകള്‍ക്ക് ഒരു ഭക്ഷണവും കൊടുക്കാനുള്ള വക വീട്ടിലില്ലായിരുന്നുവെന്ന് 40കാരിയായ അമ്മ ഷീലാ ദേവിയെ ഉദ്ധരിച്ച് നാഷനല്‍ ഹെറാള്‍ഡ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഇതുമൂലം അവളുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നു. മൂന്നുദിവസമായി അവള്‍ക്ക് പനിയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അയല്‍വാസികളുടെ സഹായത്തോടെയാണ് കുടുംബം കുട്ടിയെ സംസ്‌കരിച്ചത്. അതേസമയം, കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്ട്രേറ്റ് പ്രഭു എന്‍ സിങ് പ്രതികരിച്ചു. കുട്ടി മരണപ്പെട്ട കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നു. കുടുംബം മൃതദേഹം കുഴിച്ചിട്ടിരുന്നു. അവര്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെ മരണകാരണം കണ്ടെത്താനാവുമായിരുന്നു.

കുടുംബത്തിന് റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഉജ്വല പദ്ധതി പ്രകാരമുള്ള ഗ്യാസ് കണക്ഷന്‍ എന്നിവ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്. ക്ഷയരോഗം ബാധിച്ച സോണിയയുടെ പിതാവ് പപ്പുസിങ്ങിന് സൗജന്യചികില്‍സയും രണ്ട് സഹോദരങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയില്‍പ്പെടുത്തി കുടുംബത്തിന് വീട് നല്‍കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. പച്ചക്കറികള്‍, പഴങ്ങള്‍, മറ്റ് ദൈനംദിന അവശ്യവസ്തുക്കള്‍ എന്നിവ കൂടാതെ 50 കിലോ ഗോതമ്പ്, 40 കിലോ അരി, അഞ്ചുലിറ്റര്‍ പാചക എണ്ണ എന്നിവ കുടുംബത്തിന് കൈമാറി.

കുടുംബത്തിന് സ്ഥിരമായ ഉപജീവനമാര്‍ഗം ഉറപ്പാക്കുകയെന്നതാണ് തങ്ങളുടെ മുന്‍ഗണന. പെണ്‍കുട്ടിയുടെ അച്ഛന് ജോലിചെയ്യാന്‍ കഴിയില്ല. മാതാവ് ദിവസവേതന ജോലി ചെയ്തുവരികയാണ്. ഇവരെ തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ക്കും. കൂടാതെ അവരെ അനുയോജ്യമായ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ജില്ലാ ഭരണകൂടം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബില്ലുകള്‍ അടയ്ക്കാത്തതിനാല്‍ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കട്ടുചെയ്തിരിക്കുകയാണ്. കുടുംബത്തിന് സ്ഥിരമായി വൈദ്യുതി ഉറപ്പാക്കാന്‍ സ്വകാര്യ ഡിസ്‌കോം ടോറന്റ് പവറിന് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. നിലവില്‍ നല്‍കാനുള്ള കുടിശ്ശികയായ 7,732 രൂപ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതി പ്രകാരം ജില്ലാ ഭരണകൂടം നല്‍കാനും തീരുമാനമായിട്ടുണ്ട്. കുടുംബത്തിന് ഉചിതമായ ടോയ്ലറ്റ് നല്‍കുമെന്ന് ഗ്രാമത്തലവനും വാഗ്ദാനം ചെയ്തിട്ടുണ്ട്.  

Tags:    

Similar News