കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ല; 500 രൂപ പിഴ ചുമത്തി ഉത്തര്‍പ്രദേശ് പോലിസ്

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നാരോപിച്ച് പ്രശാന്ത് തിവാരി എന്നയാളില്‍നിന്നാണ് പോലിസ് 500 രൂപ പിഴ ചുമത്തിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പോലിസ് പിഴയൊടുക്കുന്ന ഇ- ചലാന്‍ എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രശാന്ത് തിവാരിക്ക് പിഴ സംബന്ധിച്ച രേഖ ലഭിച്ചത്.

Update: 2020-02-18 14:50 GMT

ലഖ്‌നോ: കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്നാരോപിച്ച് പിഴ ചുമത്തി. ഉത്തര്‍പ്രദേശ് ട്രാഫിക് പോലിസിന്റേതാണ് വിചിത്രനടപടി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലെ മന്ന എന്ന ഗ്രാമത്തിലാണ് സംഭവം. കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നാരോപിച്ച് പ്രശാന്ത് തിവാരി എന്നയാളില്‍നിന്നാണ് പോലിസ് 500 രൂപ പിഴ ചുമത്തിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പോലിസ് പിഴയൊടുക്കുന്ന ഇ- ചലാന്‍ എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രശാന്ത് തിവാരിക്ക് പിഴ സംബന്ധിച്ച രേഖ ലഭിച്ചത്. മൊബൈല്‍ വഴി ഇ-ചലാന്‍ ലഭിച്ച തിവാരി ഞെട്ടി.

2019 നവംബര്‍ 30ന് മഹീന്ദ്ര ബൊലേറോ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും അതിനാല്‍ 500 രൂപ പിഴയടയ്ക്കണമെന്നുമായിരുന്നു ആര്‍ടിഒയുടെ സന്ദേശം. ഉത്തര്‍പ്രദേശ് പോലിസിന്റെ വിചിത്രനടപടിക്ക് ഇതിന് മുമ്പും പലരും ഇരയായിട്ടുണ്ട്. പിയൂഷ് വര്‍ഷനി എന്ന കാണ്‍പൂര്‍ സ്വദേശിക്കാണ് സമാനമായ അനുഭവം നേരിടേണ്ടിവന്നത്. ആഗസ്ത് 27ന് ലഭിച്ച സന്ദേശത്തില്‍ കാറോടിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ 500 രൂപ പിഴ അയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് താന്‍ പിന്നീട് കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാറുണ്ടെന്നും പിന്നീട് പിഴ അടയ്‌ക്കേണ്ടിവന്നിട്ടില്ലെന്നും പീയൂഷ് പറഞ്ഞു.

ട്രാക്ടര്‍ ഓടിച്ചയാളില്‍നിന്ന് ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റം ചുമത്തി 3,000 രൂപ പിഴ ഈടാക്കിയ സംഭവവും റിപോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശില്‍നിന്നാണ്. ഭേദഗതി വരുത്തിയ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി പോലിസ് നടപടി സ്വീകരിച്ചുവരുന്നുണ്ട്. ഇതോടൊപ്പമാണ് ഉത്തര്‍പ്രദേശ് പോലിസിന്റെ കേട്ടുകേള്‍വിയില്ലാത്ത നടപടികളും പുറത്തുവരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അക്രമം നടത്തിയെന്നാരോപിച്ച് മരണപ്പെട്ടയാള്‍ക്ക് സമന്‍സ് അയച്ച ഉത്തര്‍പ്രദേശ് പോലിസിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 

Tags:    

Similar News