ലഖ്‌നോ: ഷാജഹാന്‍പൂരിലെ കാത്രയില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു. 25കാരനായ ഷഹബാസാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെ 35കാരനായ കോളജ് പ്രഫസര്‍ അലോക് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഗുപ്തയുടെ കുടുംബാംഗങ്ങളെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
മോഷണത്തിനിടെ കോളജ് പ്രഫസറെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റ് ചെയ്തതെന്ന് യു പി പോലിസ് അറിയിച്ചു. മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് അശോക് കുമാര്‍ മീണ പറഞ്ഞു.
യാത്രക്കിടെ ബാട്ടിയ ഗ്രാമത്തിനടുത്ത് തെരുവ് മൃഗങ്ങള്‍ റോഡില്‍ തടസം സൃഷ്ടിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. പോലിസ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐയുടെ പിസ്റ്റള്‍ കൈക്കലാക്കി ഇയാള്‍ വാഹനത്തില്‍ നിന്നും ചാടിയെന്ന് ആരോപിക്കുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസിന് നേരെ വെടിയുതിര്‍ത്തു. പോലിസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്.
സ്വകാര്യ കോളജിലെ പ്രഫസറായ അലോക് ഗുപ്തയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അദ്ദേഹത്തെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് ഷെഹ്ബാസിനെതിരായ കുറ്റം. അലോക് ഗുപ്തയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഷെഹ്ബാസിനെ നാട്ടുകാരാണ് പിടികൂടി പോലിസിലേല്‍പ്പിച്ചത്. ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
