യുപിയില്‍ കൊവിഡ് വാക്‌സിനെടുത്ത ആശുപത്രി ജീവനക്കാരന്‍ മരിച്ചു; മരണകാരണം ഹൃദയാഘാതമെന്ന് ആരോഗ്യവകുപ്പ്

വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹം അസുഖബാധിതനായിരുന്നുവെന്ന് കുടുംബവും പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന് വാക്‌സിന്‍ കുത്തിവയ്പ് നല്‍കിയത്. ഞായറാഴ്ച അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയും നെഞ്ചുവേദന ശക്തമാവുകയും ചെയ്തു.

Update: 2021-01-18 06:56 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആശുപത്രി ജീവനക്കാരന്‍ മരിച്ചു. കൊവിഡ് വാക്‌സിനെടുത്ത് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ 46 കാരന്‍ മഹിപാല്‍ സിങ് മരണപ്പെട്ടത്. അതേസമയം, മരണത്തിന് വാക്‌സിന്‍ കുത്തിവയ്പ്പുമായി ബന്ധമില്ലെന്നും ഹൃദയാഘാതവും ശ്വാസതടസ്സവുമാണ് കാരണമെന്നും ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കാര്‍ഡിയോജനിക് ഷോക്ക്/ സെപ്റ്റിസെമിക് ഷോക്ക്, 'കാര്‍ഡിയോപള്‍മനറി എന്നിവ മൂലമാണ് മരണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹം അസുഖബാധിതനായിരുന്നുവെന്ന് കുടുംബവും പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന് വാക്‌സിന്‍ കുത്തിവയ്പ് നല്‍കിയത്. ഞായറാഴ്ച അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയും നെഞ്ചുവേദന ശക്തമാവുകയും ചെയ്തു. വാക്‌സിന്‍ കുത്തിവയ്പ്പിന്റെ പ്രതിഫലനമായി ഇതിനെ കാണാനാവില്ല. ശനിയാഴ്ച രാത്രി ഇദ്ദേഹം ജോലിയിലുണ്ടായിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല- മൊറാദാബാദിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ എം സി ഗാര്‍ഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാക്‌സിനേഷന് മുമ്പ് അനാരോഗ്യമുണ്ടായിരിക്കാമെന്നും കുത്തിവയ്പ്പ് നടത്തിയ ശേഷം ആരോഗ്യനില മോശമായതായും ഇയാളുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉച്ചയ്ക്ക് 1.30 ഓടെ അച്ഛന്‍ വാക്‌സിനേഷന്‍ സെന്ററില്‍നിന്ന് പുറപ്പെട്ടു. താനാണ് അച്ഛനെ വീട്ടിലെത്തിച്ചത്. അദ്ദേഹത്തിന് ശക്തമായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. അദ്ദേഹത്തിന് ചെറുതായി ന്യുമോണിയയും സാധാരണ ചുമയും ജലദോഷവുമുണ്ടായിരുന്നു, പക്ഷേ വീട്ടില്‍ തിരിച്ചെത്തിയ ശേഷം നില മോശമായി- മഹിപാല്‍ സിങ്ങിന്റെ മകന്‍ വിശാല്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഒന്നാം ദിനമായ ശനിയാഴ്ച 22,643 പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കിയതായി യുപി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ അടുത്ത വാക്‌സിനേഷന്‍ ജനുവരി 22നാണ്.

Tags: