യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിന് കൊവിഡ്; കുടുംബാംഗങ്ങളുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

ചെറിയ പനിയുണ്ടായതിനെത്തുടര്‍ന്ന് ബാന്‍സി നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള അംഗമായ ജയ് പ്രതാപ് സിങ്ങിന്റെ സാംപിളുകള്‍ പരിശോധിക്കുകയായിരുന്നു. ട്രൂനാറ്റ് മെഷീനിലൂടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്,

Update: 2020-07-24 13:39 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങിനു കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം ലഭിച്ചത്. ചെറിയ പനിയുണ്ടായതിനെത്തുടര്‍ന്ന് ബാന്‍സി നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള അംഗമായ ജയ് പ്രതാപ് സിങ്ങിന്റെ സാംപിളുകള്‍ പരിശോധിക്കുകയായിരുന്നു. ട്രൂനാറ്റ് മെഷീനിലൂടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയുടെ സാംപിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി ലഖ്‌നോവിലെ കെജിഎംയു ലാബിലേക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അദ്ദേഹം വീട്ടുനിരീക്ഷണത്തില്‍ പോയിരിക്കുകയാണ്.

മന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ശനിയാഴ്ച ലഭിക്കും. സമഗ്രമായ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ ഏകദിന വര്‍ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 2,529 പുതിയ രോഗികളുണ്ടായതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 58,104 ആയി ഉയര്‍ന്നു. 34 പുതിയ മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1,298 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലൊന്നാണ് ലഖ്നോ. വ്യാഴാഴ്ച 307 പുതിയ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 3,196 പേരാണ് ചികില്‍സയിലുള്ളത്.  

Tags: